നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കും പൊലീസുകാര്‍ക്കും രണ്ടു ശതമാനം നിക്ഷേപമുണ്ടെങ്കില്‍ വീടു വാങ്ങാം ; ന്യൂ സൗത്ത് വെയില്‍സില്‍ പുതിയ പദ്ധതിയ്ക്ക് തുടക്കമായി

നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കും പൊലീസുകാര്‍ക്കും രണ്ടു ശതമാനം നിക്ഷേപമുണ്ടെങ്കില്‍ വീടു വാങ്ങാം ; ന്യൂ സൗത്ത് വെയില്‍സില്‍ പുതിയ പദ്ധതിയ്ക്ക് തുടക്കമായി
ഷെയേര്‍ഡ് ഇക്വിറ്റി ഹോം ബയര്‍ ഹെല്‍പ്പര്‍ എന്ന പേരിലെ പുതിയ പദ്ധതിക്ക് ജനുവരി 23ന് തുടക്കമായിരിക്കുകയാണ്.നഴ്‌സുമാര്‍, മിഡ് വൈഫുമാര്‍, പാരാമെഡിക് ജീവനക്കാര്‍, അധ്യാപകര്‍, പൊലീസുകാര്‍ എന്നിവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

ഒറ്റയ്ക്ക് കുട്ടികളെ നോക്കുന്ന രക്ഷിതാവിനും ഒറ്റയ്ക്ക് ജീവിക്കുന്ന 50 വയസിനു മേല്‍ പ്രായമുള്ളവര്‍ക്കും പദ്ധതിയുടെ ഭാഗമാകാം. വിലയുടെ രണ്ടു ശതമാനം മാത്രം ആദ്യ നിക്ഷേപമായി നല്‍കി ആദ്യ വീട് വാങ്ങാന്‍ അവസരം നല്‍കുന്നതാണ് പദ്ധതി. മാത്രമല്ല, വിലയുടെ 40 ശതമാനം വരെ സര്‍ക്കാര്‍ ഓഹരിയായി നല്‍കുകയും ചെയ്യും.അതായത്, 40 ശതമാനം വരെയുള്ള തുകയ്ക്ക് വീട്ടുടമ ലോണെടുക്കേണ്ടിയും പലിശ നല്‍കേണ്ടിയും വരില്ല. പകരം, മാസത്തവണകള്‍ നല്‍കി സര്‍ക്കാരില്‍ നിന്ന് ഈ ഓഹരികള്‍ കൂടി വാങ്ങിക്കാന്‍ കഴിയും.

സിഡ്‌നി, ന്യൂ കാസില്‍, ലേക് മക്വാറി, ഇല്ലവാര, സെന്‍ട്രല്‍ കോസ്റ്റ്, നോര്‍ത്ത് കോസ്റ്റ് എന്നിവിടങ്ങളില് 9,50,000 ഡോളര്‍ വരെ വിലയുള്ള വീടുകളും, മറ്റ് ഉള്‍നാടന്‍ മേഖലകളില്‍ ആറു ലക്ഷം ഡോളര്‍ വരെ വിലയുള്ള വീടുകളുമാണ് പദ്ധതിയുടെ പരിധിയില്‍ വരിക.പുതിയ വീടിന് 40 ശതമാനം വരെയും, പഴയ വീടാണെങ്കില്‍ 30 ശതമാനം വരെയും സര്‍ക്കാര്‍ ഓഹരി നല്കും.

മാത്രമല്ല, അപേക്ഷകരുടെ വരുമാനവും കണക്കിലെടുക്കും. ഒറ്റയ്ക്ക് ജീവിക്കുന്നവരാണെങ്കില്‍ 90,000 ഡോളറിലും, ദമ്പതികളാണെങ്കില്‍ 1,20,000 ഡോളറിലും താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാത്രമാണ് പദ്ധതിയുടെ ഭാഗമാകാന്‍ കഴിയുക.

ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്കും പെര്‍മനന്റ് റെസിഡന്റസിനും ആനുകൂല്യം ലഭിക്കും.

അതേസമയം, ഓസ്‌ട്രേലിയയിലോ, വിദേശത്തോ സ്വന്തം പേരില്‍ വീടോ വസ്തുവോ ഉണ്ടെങ്കില്‍ ഈ പദ്ധതിയുടെ ഭാഗമാകാന്‍ കഴിയില്ലെന്നും ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ അറിയിച്ചു.പദ്ധതിക്കായി നിശ്ചയിച്ചിരിക്കുന്ന വരുമാനപരിധി കാരണം ഭൂരിഭാഗം പേര്‍ക്കും ഇത് ലഭിക്കില്ലെന്ന് ഹെല്‍ത്ത് സര്‍വീസസ് യൂണിയന്‍ ആരോപിച്ചു.ദമ്പതികള്‍ക്ക് 1,20,000 ഡോളര്‍ വാര്‍ഷിക വരുമാനം എന്നത് വലിയ തുകയല്ലെന്നും, ഭൂരിഭാഗം പേരും ആ പരിധിക്ക് പുറത്താകുമെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല, ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു രജിസ്‌ട്രേഡ് നഴ്‌സാണെങ്കില്‍ പോലും ഏഴു വര്‍ഷത്തെ സര്‍വീസുണ്ടെങ്കില്‍90,000 ഡോളര്‍ വാര്‍ഷിക വരുമാനം നേടാന്‍ കഴിയുമെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി.

Other News in this category



4malayalees Recommends