കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 202324 വര്‍ഷത്തെ പ്രവര്‍ത്തനോത്ഘാടനവും, വര്‍ണ്ണോത്സവ് ചിത്രരചനാ മല്‍സരവും അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പലില്‍ വെച്ച് നടന്നു. യുവജനപ്രസ്ഥാനത്തിന്റെ പതാക ഉയര്‍ത്തികൊണ്ട് ആരംഭിച്ച പരിപാടികളുടെ ഉത്ഘാടനം കിഡ്നി ഫൗണ്ടേഷന് ഓഫ് ഇന്ത്യയുടെ ചെയര്മാന് ഫാ. ഡേവിസ് ചിറമേല്‍ ഭദ്രദീപം തെളിയിച്ചു കൊണ്ട് നിര്‍വ്വഹിച്ചു. കുവൈറ്റ് മഹാ ഇടവക വികാരിയും യുവജന പ്രസ്ഥാനം യൂണിറ്റ് പ്രസിഡണ്ടുമായ ഫാ. ഡോ. ബിജു ജോര്‍ജ് പാറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ യുവജനപ്രസ്ഥാനം കേന്ദ്ര കമ്മിറ്റിയംഗവും, യൂണിറ്റ് സെക്രട്ടറിയുമായ ദീപ് ജോണ്‍ സ്വാഗതവും, ലേവൈസ് പ്രസിഡന്റ് ജോബി ജോണ്‍ കളീക്കല്‍ നന്ദിയും രേഖപ്പെടുത്തി.
മഹാ ഇടവക സഹവികാരിയും, പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡണ്ടുമായ ഫാ. ലിജു കെ. പൊന്നച്ചന്, ഇടവക ട്രസ്റ്റി ജോജി പി. ജോണ്‍, സെക്രട്ടറി ജിജു പി. സൈമണ്‍, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, ഭദ്രാസന കൗണ്‍സിലംഗം ദീപക് അലക്സ് പണിക്കര്‍, പ്രസ്ഥാനത്തിന്റെ കുവൈറ്റ് സോണല്‍ സെക്രട്ടറി സോജി വര്‍ഗ്ഗീസ്, യൂണിറ്റ് മുന്‍ സെക്രട്ടറിയും, സോണല്‍ പ്രതിനിധിയുമായ ജോമോന് ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
കാലം ചെയ്ത ഭാഗ്യസ്മരണാര്‍ഹനായ സഭാരത്നം ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി സ്ഥാപിച്ച, സെന്റ് തോമസ് ഓര്‍ത്തഡോക്സ് മിഷന് സെന്ററിന്റെ ജീവകാരുണ്യ പദ്ധതിയായ വിധവാ പെന്ഷന് സഹായ നിധി ഏറ്റെടുത്ത് നടത്തുന്നതിന്റെ ഭാഗമായി അതിന്റെ ആദ്യ ഗഡു ട്രഷറാര്‍ ജോമോന് കളീക്കലില്‍ നിന്നും പ്രസിഡണ്ട് ഫാ. ഡോ. ബിജു പാറയ്ക്കല്‍ ഏറ്റുവാങ്ങി.
അന്തര്‍ദേശിയ നേഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി ഇടവകയിലെ ആതുര സേവന രംഗത്ത് സാന്ത്വന ശുശ്രൂഷ നിര്‍വഹിക്കുന്നവരെ ചടങ്ങില്‍ ആദരിക്കുകയും, തുടര്‍ന്ന് ഇടവകാംഗങ്ങളായ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കുമായി വര്‍ണ്ണോത്സവ് എന്ന പേരില്‍ സംഘടിപ്പിച്ച ചിത്രരചനാ മല്‍സരത്തിന്റെ ക്രമീകരണങ്ങള്‍ക്ക് പ്രശസ്ത കലാകാരനായ സുനില്‍ കുളനട നേതൃത്വം നല്കി.
യുവജനപ്രസ്ഥാനത്തില്‍ പുതിയതായി അംഗത്വമെടുത്തവരെ ഫാ. ബിജു ജോര്‍ജ്ജ് പാറക്കല്‍, ഫാ. ലിജു കെ പൊന്നച്ചന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രസ്ഥാനം ഭാരവാഹികളായ ഷൈന്‍ ജോസഫ് സാം, അനു ഷെല്‍വി, സുമോദ് മാത്യൂ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.