'എന്നോടും കുടുംബത്തോടും ദിനേശ് കാര്‍ത്തിക് ചെയ്തത് പൊറുക്കാനാകാത്ത തെറ്റ്; എന്‍ ശ്രീനിവാസനെതിരെ മോശമായി സംസാരിച്ചു എന്ന് കാര്‍ത്തിക് പരാതി നല്‍കി; ഇതാണ് അന്ന് ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്താകാന്‍ കാരണം;'വെളിപ്പെടുത്തലുമായി ശ്രീശാന്ത്

'എന്നോടും കുടുംബത്തോടും ദിനേശ് കാര്‍ത്തിക് ചെയ്തത് പൊറുക്കാനാകാത്ത തെറ്റ്; എന്‍ ശ്രീനിവാസനെതിരെ മോശമായി സംസാരിച്ചു എന്ന് കാര്‍ത്തിക് പരാതി നല്‍കി;  ഇതാണ് അന്ന് ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്താകാന്‍ കാരണം;'വെളിപ്പെടുത്തലുമായി ശ്രീശാന്ത്

ഇന്ത്യന്‍ ലോകകപ്പ് ടീം അംഗം ദിനേശ് കാര്‍ത്തികിനെതിരെ ആരോപണവുമായി മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്ത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക് തന്നോട് ചെയ്ത ചതിയെക്കുറിച്ച് ശ്രീശാന്ത് വെളിപ്പെടുത്തിയിരിക്കുന്നത്. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സാധ്യതാ ടീമില്‍ താന്‍ ഇടം പിടിക്കാതിരുന്നതിന് കാരണം കാര്‍ത്തിക് നല്‍കിയ പരാതിയാണെന്ന് ശ്രീശാന്ത് പറഞ്ഞു.


സുബ്ബയ്യ പിള്ള ട്രോഫിയില്‍ തമിഴ്‌നാടുമായുള്ള മല്‍സരത്തിനിടെ ദിനേഷ് കാര്‍ത്തിക്കുമായി കോര്‍ത്തതിന് ശ്രീശാന്തിന് രണ്ടു മല്‍സരങ്ങളില്‍നിന്ന് വിലക്കു ലഭിച്ചതും അതേ സീസണിലാണ്. ആ വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിക്കുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ താന്‍ പുറത്തായതും കാര്‍ത്തിക് തനിക്കെതിരെ നല്‍കിയ പരാതിയുടെ പേരിലാണെന്ന് ശ്രീ ഇന്നും വിശ്വസിക്കുന്നു.

ശ്രീശാന്ത് പറയുന്നതിങ്ങനെ:ശ്രീ ശ്രീ രവിശങ്കറിന്റെ ഒരു പുതിയ ടെക്ക്‌നിക്ക് പരീക്ഷിക്കുകയായിരുന്നു കാര്‍ത്തിക്. ഓരോ പന്ത് എറിയുന്നതിന് മുമ്പായും കാര്‍ത്തിക് ശ്വാസോച്ഛ്വാസം എടുക്കുന്നുണ്ടായിരുന്നു. ഇത് കാരണം ഓരോ പന്തെറിയുന്നതിനും കൂടുതല്‍ സമയം എടുക്കേണ്ടി വന്നു. റെഡിയാവണമെന്ന് ആവശ്യപ്പെട്ടിട്ടും കാര്‍ത്തിക് തയ്യാറായിരുന്നില്ല. ഇക്കാരണം കൊണ്ട് സച്ചിന്‍ ബേബിക്ക് കുറഞ്ഞ ഓവര്‍ നിരക്കിന് താക്കീത് ലഭിക്കുകയും ചെയ്തു. 'നിങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നായത് കൊണ്ടാണ് ഇതെല്ലാം ചെയ്യാന്‍ സാധിക്കുന്നത്. സഹായിക്കാന്‍ ശ്രീനിവാസന്‍ ഉണ്ടല്ലോ' ശ്രീശാന്ത് കാര്‍ത്തികിനോട് പറഞ്ഞു. മത്സരത്തില്‍ ശ്രീശാന്തിന്റെ പന്തില്‍ തന്നെയാണ് ഒടുവില്‍ കാര്‍ത്തിക് പുറത്തായത്. ഇത് അദ്ദേഹത്തെ വല്ലാതെ ചൊടിപ്പിച്ചു. ഇക്കാരണത്താല്‍ എന്‍ ശ്രീനിവാസനെതിരെ മോശമായി സംസാരിച്ചു എന്ന് കാര്‍ത്തിക് പരാതി നല്‍കി. ഇതാണ് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ താന്‍ പുറത്താവാന്‍ കാരണമായതെന്ന് ശ്രീശാന്ത് പറയുന്നു.

സത്യത്തില്‍ എന്തിനാണ് ഞാന്‍ ശ്രീനിവാസന്‍ സാറിനെ അപമാനിക്കുന്നത്. ഗുരുവായൂരപ്പന്റെ ഭക്തരെന്ന നിലയില്‍ ഞങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി അടുത്ത ബന്ധമുണ്ട്. 2009ല്‍ ഞാന്‍ കളത്തിലേക്കു തിരിച്ചുവരുന്ന അവസരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൗണ്ടിയില്‍ കളിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അന്ന് എന്നെ കൗണ്ടി കളിക്കാന്‍ അനുവദിച്ച വ്യക്തിയാണ് അദ്ദേഹം. എന്തിന് അദ്ദേഹത്തെ ഞാന്‍ ചീത്ത വിളിക്കണം.

അന്നു വൈകിട്ടാണ് ചാംപ്യന്‍സ് ട്രോഫിക്കുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചത്. എനിക്ക് ടീമില്‍ ഇടം കിട്ടിയില്ല. അതിന്റെ ഒരേയൊരു കാരണം കാര്‍ത്തിക്ക് എനിക്കെതിരെ നല്‍കിയ പരാതിയായിരുന്നു. കാര്‍ത്തിക്, ഈ വാര്‍ത്ത നിങ്ങള്‍ വായിക്കുന്നുണ്ടെങ്കില്‍ ഒരു കാര്യം ഓര്‍മിക്കുക. എന്നോടും എന്റെ കുടുംബത്തോടും നിങ്ങള്‍ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്. അടുത്ത വര്‍ഷവും കേരളം തമിഴ്‌നാടിനെതിരെ കളിക്കും. അന്ന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണുക. ദൈവം അനുഗ്രഹിക്കട്ടെ

Other News in this category



4malayalees Recommends