യുഎസില്‍ കൊറോണ മരണങ്ങള്‍ 3000ത്തിലേക്ക്; മൊത്തം രോഗബാധിതര്‍ 1,60,000; യുഎസില്‍ രണ്ട് ലക്ഷത്തോളം പേര്‍ മരിക്കുമെന്ന് മുന്നറിയിപ്പ്; സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ ജനത്തിന്റെ ജീവന് പ്രാധാന്യമേകുമെന്ന മലക്കം മറിച്ചിലുമായി ട്രംപ്; ലോക്ക് ഡൗണ്‍ നീട്ടും

യുഎസില്‍ കൊറോണ മരണങ്ങള്‍ 3000ത്തിലേക്ക്; മൊത്തം രോഗബാധിതര്‍ 1,60,000; യുഎസില്‍ രണ്ട് ലക്ഷത്തോളം പേര്‍ മരിക്കുമെന്ന് മുന്നറിയിപ്പ്; സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ ജനത്തിന്റെ ജീവന് പ്രാധാന്യമേകുമെന്ന മലക്കം മറിച്ചിലുമായി ട്രംപ്; ലോക്ക് ഡൗണ്‍ നീട്ടും
കോവിഡ്-19ന്റെ നിലവിലെ പ്രഭവ കേന്ദ്രമെന്ന ദുരവസ്ഥയില്‍ നിന്നും യുഎസിന് മോചനം ലഭിച്ചില്ലെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. ഇത് പ്രകാരം രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,60,000 ആയാണ് പെരുകിയിരിക്കുന്നത്. കോവിഡ്-19 ബാധിച്ചുള്ള രാജ്യത്തെ മരണം 3000ത്തിന് അടുത്തെത്തിയിട്ടുമുണ്ട്. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിലുണ്ടായിരുന്ന അസുഖബാധിതരേക്കാള്‍ ഏതാണ്ട് ഇരട്ടി പേര്‍ക്ക് യുഎസില്‍ രോഗം ബാധിച്ചിരിക്കുന്നുവെന്ന് ചുരുക്കം.

2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ മരണസംഖ്യക്ക് സമാനമാണ് കോവിഡ് മൂലം യുഎസിലുണ്ടായിരിക്കുന്ന മരണം. മരണവും രോഗബാധികരുടെ എണ്ണവും തുടര്‍ച്ചയായി കുതിച്ച് കയറിക്കൊണ്ടിരിക്കുന്നതിനാല്‍ രാജ്യത്തുള്ളവര്‍ ഇനിയുമേറെ ദിവസം ലോക്ക്ഡൗണില്‍ കഴിയേണ്ടി വരുമെന്ന മുന്നറിയിപ്പ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്. അതിനിടെ കൊറോണ വരും മാസങ്ങളില്‍ രണ്ട് ലക്ഷത്തോളം അമേരിക്കക്കാരുടെ ജീവന്‍ കവര്‍ന്നേക്കാമെന്ന പേടിപ്പെടുത്തുന്ന മുന്നറിയിപ്പുമായി വൈറ്റ് ഹൗസിലെ കൊറോണ വൈറസ് കോഓര്‍ഡിനേറ്റര്‍ രംഗത്തെത്തിയിട്ടുമുണ്ട്.

നിലവില്‍ രാജ്യത്തുള്ളവരുടെ ജീവനെ കൊലയാളി വൈറസില്‍ നിന്നും രക്ഷിക്കുന്നതിനാണ് താന്‍ മുന്‍ഗണനയേകുന്നതെന്നാണ് ഇന്നലെ വൈറ്റ്ഹൗസില്‍ നടന്ന കൊറോണ ബ്രീഫിംഗിനിടെ ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. അതായത് ഇതിന് വേണ്ടി ലോക്ക് ഡൗണ്‍ നീട്ടാന്‍ മടിക്കില്ലെന്നും അതിനെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക ആഘാതത്തിന് താന്‍ രണ്ടാം സ്ഥാനം മാത്രമേ നല്‍കുന്നുള്ളുവെന്നുമാണ് ട്രംപിന്റെ ഇപ്പോഴത്തെ നിലപാട്. എന്നാല്‍ ഈസ്റ്ററോടെ വൈറസ് അടങ്ങുമെന്നും ലോക്ക് ഡൗണ്‍ നിയമങ്ങളില്‍ അയവ് വരുത്തുമെന്നും രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പതിവു പോലെ പുനരാരംഭിക്കുമെന്നുമായിരുന്നു ട്രംപ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ നിലപാടെടുത്തിരുന്നത്.

എന്നാല്‍ ഇതിനെതിരെ യുഎസില്‍ നിന്നും ലോകമെമ്പാട് നിന്നും കടുത്ത മുന്നറിയിപ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ട്രംപ് തന്റെ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞിരിക്കുന്നത്. എന്നാല്‍ അമേരിക്കയില്‍ രണ്ട് ലക്ഷത്തോളം പേര്‍ കൊറോണ ബാധിച്ച് മരിക്കുമെന്ന വൈറ്റ് ഹൗസിലെ കൊറോണ വൈറസ് കോഓര്‍ഡിനേറ്ററുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഈ ദുരന്തത്തെ പ്രതിരോധിക്കാന്‍ അങ്ങേയറ്റം ശ്രമിക്കണമെന്ന കടുത്ത സമ്മര്‍ദം ട്രംപിന് മേല്‍ ചുമമത്തി നിരവധി ലോകനേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends