സൗത്ത് ഹോബര്‍ട്ടിലെ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധ; ഗുരുതരാവസ്ഥയിലായവര്‍ ആശുപത്രി വിട്ടു; വീട്ടിലെ ചാര്‍കോള്‍ ഗ്രില്ലില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് ഒമ്പത് കുട്ടികളടക്കം 11 പേര്‍ അപകടത്തില്‍ പെട്ടു

സൗത്ത് ഹോബര്‍ട്ടിലെ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധ; ഗുരുതരാവസ്ഥയിലായവര്‍ ആശുപത്രി വിട്ടു;  വീട്ടിലെ ചാര്‍കോള്‍ ഗ്രില്ലില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് ഒമ്പത് കുട്ടികളടക്കം 11 പേര്‍ അപകടത്തില്‍ പെട്ടു
സൗത്ത് ഹോബര്‍ട്ടിലെ വീട്ടില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയേറ്റ 11 പേര്‍ ആശുപത്രി വിട്ടു. ഇവിടുത്തെ വീട്ടില്‍ ഉപയോഗിച്ചിരുന്ന ചാര്‍കോള്‍ ഗ്രില്ലില്‍ നിന്നാണ് വിഷബാധയുണ്ടായിരിക്കുന്നത്. അപകടം നടന്നതിനെ തുടര്‍ന്ന് 000 നമ്പറില്‍ വിളിയെത്തിയതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ 2.30ന് നാല് ആംബുലന്‍സുകള്‍ ഈ വീട്ടിലേക്ക് കുതിച്ചെത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ പാരാമെഡിക്‌സ് ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.

തുടര്‍ന്ന് ഇവരെ റോയല്‍ ഹോബര്‍ട്ട് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവുകയും ചെയ്തിരുന്നു. വിഷബാധയേറ്റവരില്‍ ഒമ്പത് കുട്ടികളും ഉള്‍പ്പെടുന്നു. ഇവരെല്ലാം ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ആശുപത്രി വിട്ടുവെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. ഇവരുടെ നില അപകടകരമല്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. രണ്ട് മുതിര്‍ന്നവര്‍ ചൊവ്വാഴ്ച രാത്രിയായിരിക്കും ആശുപത്രി വിടുകയെന്നും റിപ്പോര്‍ട്ടുണ്ട്. വാതകം ശ്വസിച്ച് രണ്ട് മുതിര്‍ന്നവരും അഞ്ച് കുട്ടികളുമായിരുന്നു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ പ്രവേശിപ്പിക്കപ്പെട്ടിരുന്നത്.

ശേഷിക്കുന്ന നാല് കുട്ടികള്‍ നിരീക്ഷണത്തിലാണ്. രണ്ട് മാസത്തിനും 17വയസിനും ഇടയിലുള്ളവരാണ് കുട്ടികള്‍. സംഭവത്തെ തുടര്‍ന്ന് ടാസ്മാനിയന്‍ ഫയര്‍ സര്‍വീസ് ക്രൂ ഇവിടേക്ക് രക്ഷാപ്രവര്‍ത്തനത്തിനായെത്തിയിരുന്നുവെന്നാണ് റീജിയണല്‍ ഫയര്‍ ഇന്‍വെസ്റ്റിഗേറ്ററായ ആദം ഡോറാന്‍ പറയുന്നത്.ചാര്‍കോള്‍ കുക്കര്‍ ഉല്‍പാദിപ്പിച്ച കാര്‍ബണ്‍ മോണോക്‌സൈഡാണ് വില്ലനായി വര്‍ത്തിച്ചതെന്നും ആദം വ്യക്തമാക്കുന്നു. ഇവിടുത്തെ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് വളരെ അധികമായിരുന്നുവെന്ന് ഫയര്‍ ക്രൂസിന്റെ പരിശോധനയിലൂടെ വെളിപ്പെട്ടിരുന്നുവെന്നും ആദം വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends