ന്യൂസിലാന്‍ഡില്‍ 100 ദിവസങ്ങള്‍ക്കിടെ വീണ്ടും കൊറോണ; നാല് കേസുകള്‍ സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക്; മുന്‍കരുതലായി ഓക്ക്‌ലാന്‍ഡില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍; രാജ്യമെങ്ങും കടുത്ത ജാഗ്രത

ന്യൂസിലാന്‍ഡില്‍ 100 ദിവസങ്ങള്‍ക്കിടെ വീണ്ടും കൊറോണ; നാല് കേസുകള്‍ സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക്; മുന്‍കരുതലായി ഓക്ക്‌ലാന്‍ഡില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍; രാജ്യമെങ്ങും കടുത്ത ജാഗ്രത
ന്യൂസിലാന്‍ഡില്‍ 100 ദിവസങ്ങള്‍ക്കിടെ ഇതാദ്യമായി നാല് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ രാത്രി പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ അടിയന്തിര പ്രസ് കോണ്‍ഫറന്‍സ് വിളിച്ച് കൂട്ടി ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. നാല് കേസുകളും ഒരു കുടുംബത്തിലുള്ളവരാണ്. ഇവരുടെ വീട് നിലകൊള്ളുന്ന ഓക്ക്‌ലാന്‍ഡില്‍ മൂന്ന് ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന ഉറവിടം ഇനിയും തിരിച്ചറിയാന്‍ സാധിക്കാത്തത് കടുത്ത ആശങ്കക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഈ കേസുകളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ ഓക്ക്‌ലാന്‍ഡില്‍ ലെവല്‍ 3 നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ജസീന്ദ പറയുന്നു. 50 വയസുള്ള ആള്‍ക്കായിരുന്നു ഇന്നലെ കോവിഡ് ആദ്യം സ്ഥിരീകരിച്ചിരുന്നത്. ജിപിയെ കാണാനെത്തിയ ഇയാളെ സംശയത്തെ തുടര്‍ന്നായിരുന്നു സ്വാബ് ടെസ്റ്റിന് വിധേയമാക്കിയിരുന്നത്.

ഈ ടെസ്റ്റ് രണ്ട് പ്രാവശ്യം നടത്തുകയും രണ്ടിലും പോസിറ്റീവാണെന്ന് തെളിയുകയുമായിരുന്നു. ഇയാള്‍ വിദേശയാത്രയൊന്നും നടത്തിയ ആളല്ല. ഇതിനെ തുടര്‍ന്ന ഇയാളുടെ മറ്റ് ആറ് കുടുംബാംഗങ്ങളെയും ടെസ്റ്റിന് വിധേയമാക്കുകയും ഇതില്‍ മൂന്ന് പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിക്കുകയുമായിരുന്നു. കുടുംബത്തിലെ എല്ലാവരും 14 ദിവസത്തെ ഐസൊലേഷനിലാണ്. ഇവരുമായി അടുത്ത സമ്പര്‍ക്കത്തിലായവരെയെല്ലാം ടെസ്റ്റിന് വിധേയമാക്കുകയും നെഗറ്റീവായവരെ പോലും ഐസൊലേഷനിലാക്കുകയും ചെയ്തിട്ടുണ്ട്.നൂറ് ദിവസത്തിന് ശേഷം വീണ്ടും കേസുകളുണ്ടായിരിക്കുന്നതിനാല്‍ രാജ്യമാകമാനം കടുത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends