വിരമിക്കല്‍ പ്രഖ്യാപനത്തിനു ശേഷം ഞങ്ങള്‍ കെട്ടിപ്പിടിച്ച് കരഞ്ഞു : സുരേഷ് റെയ്‌ന

വിരമിക്കല്‍ പ്രഖ്യാപനത്തിനു ശേഷം ഞങ്ങള്‍ കെട്ടിപ്പിടിച്ച് കരഞ്ഞു : സുരേഷ് റെയ്‌ന
മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയും മധ്യനിര താരം സുരേഷ് റെയ്‌നയും ദേശീയ ടീമില്‍ നിന്ന് വിരമിച്ചത് കഴിഞ്ഞ ദിവസമാണ്. ധോണി വിരമിച്ചതിനു പിന്നാലെ നാടകീയമായി റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. വിരമിച്ചതിനു ശേഷം തങ്ങള്‍ കെട്ടിപ്പിടിച്ച് കരഞ്ഞു എന്നാണ് റെയ്‌ന ഇപ്പോള്‍ വെളിപ്പെടുത്തിരിക്കുന്നത്. ദൈനിക് ജാഗ്‌രന്‍ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് റെയ്‌നയുടെ വെളിപ്പെടുത്തല്‍.'വിരമിക്കല്‍ പ്രഖ്യാപനത്തിനു ശേഷം ഞങ്ങള്‍ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു. ഞാനും പിയുഷ് ചൗളയും അമ്പാട്ടി റായുഡുവും കേദാര്‍ ജാദവും കരണ്‍ ശര്‍മ്മയും കൂടിയിരുന്ന് ഞങ്ങളുടെ കരിയറിനെപ്പറ്റിയും ബന്ധങ്ങളെപ്പറ്റിയും സംസാരിച്ചു. ഞങ്ങള്‍ രാത്രിയില്‍ പാര്‍ട്ടി നടത്തി.' റെയ്‌ന പറയുന്നു.

നേരത്തെ തീരുമാനിക്കാതെ, തന്റെ നായകന്‍ വിരമിച്ചതു കൊണ്ട് വിരമിച്ചെന്ന തോന്നല്‍ റെയ്‌ന നല്‍കിയെങ്കിലും കൃത്യമായ പ്ലാനിങ്ങോടെയാണ് തങ്ങള്‍ വിരമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

'ധോണിയുടെ ജഴ്‌സി നമ്പര്‍ ഏഴും എന്റേത് മൂന്നുമാണ്. അത് കൂട്ടിവായിച്ചാല്‍ 73 കിട്ടും. 73 വര്‍ഷത്തെ സ്വാതന്ത്ര്യമാണ് ഓഗസ്റ്റ് 15ന് ഇന്ത്യ ആഘോഷിച്ചത്. അതുകൊണ്ട് തന്നെ വിരമിക്കാന്‍ അതിനെക്കാള്‍ മികച്ച ഒരു ദിവസം ഉണ്ടായിരുന്നില്ല. ചെന്നൈയില്‍ എത്തിയതിനു പിന്നാലെ ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ഞാന്‍ തയ്യാറായിരുന്നു. ഞാനും പിയുഷ് ചൗളയും ദീപക് ചഹാറും കരണ്‍ ശര്‍മ്മയും ഓഗസ്റ്റ് 14ന് ചാര്‍ട്ടേഡ് വിമാനത്തില്‍ റാഞ്ചിയിലെത്തി ധോണിയെയും മോനു സിംഗിനെയും കൂട്ടി ചെന്നൈയിലേക്ക് വരികയായിരുന്നു.' റെയ്‌ന പറയുന്നു.

അതേ സമയം, ധോണിയും റെയ്‌നയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാമ്പില്‍ വെച്ച് ആലിംഗനം ചെയ്യുന്ന വിഡിയോ സിഎസ്‌കെ ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്തുവിട്ടു. പിയുഷ് ചൗള, കരണ്‍ ശര്‍മ്മ തുടങ്ങിയ താരങ്ങളെയും വീഡിയോയില്‍ കാണാം.Other News in this category4malayalees Recommends