കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ന്യൂ സൗത്ത് വെയില്‍സും വിക്ടോറിയയും ; കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായാല്‍ ഐസൊലേഷന്‍ വേണമെന്ന നിയമത്തില്‍ മാറ്റം

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ന്യൂ സൗത്ത് വെയില്‍സും വിക്ടോറിയയും ; കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായാല്‍ ഐസൊലേഷന്‍ വേണമെന്ന നിയമത്തില്‍ മാറ്റം
കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ന്യൂ സൗത്ത് വെയില്‍സും വിക്ടോറിയയും .ഒമിക്രോണ്‍ ബാധ രൂക്ഷമാകുന്നതിനിടയിലും ഇളവുകള്‍ നല്‍കുകയാണ് സര്‍ക്കാര്‍.കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായാല്‍ ഐസൊലേറ്റ് ചെയ്യണം എന്ന നിയമം പൂര്‍ണമായി പിന്‍വലിക്കുന്നതാണ് പുതിയ ഇളവുകള്‍.

കോവിഡ് ബാധിതരുമായി അടുത്ത സമ്പര്‍ക്കത്തില്‍പ്പെട്ടവര്‍ ഏഴ് ദിവസം വീട്ടില്‍ ഒറ്റപ്പെടണമെന്ന നിബന്ധനയാണ് ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ പിന്‍വലിച്ചത്. അടുത്ത സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് ഇനി മുതല്‍ ദിവസേനയുള്ള റാപ്പിഡ് ആന്റിജന്‍ പരിശോധനയുണ്ടാകും. കെട്ടിടങ്ങള്‍ക്കുള്ളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധനയും ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അടുത്ത സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് ഐസൊലേഷന്‍ ഏര്‍പ്പെടുത്തിയതോടെ പലയിടത്തും തൊഴിലാളി ക്ഷാമം രൂക്ഷമായിരുന്നു. ഇതേ തുടര്‍ന്ന് ബിസ്സിനസ് മേഖലയില്‍ നിന്നുണ്ടായ കടുത്ത സമ്മര്‍ദ്ദമാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും, തങ്ങള്‍ക്ക് കോവിഡ് ബാധിതരുമായി അടുത്ത സമ്പര്‍ക്കമുണ്ടായതായി തൊഴിലുടമയെ അറിയിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.അടുത്ത സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ആശുപത്രികള്‍, ഏജ്ഡ് കെയറുകള്‍ എന്നിവടങ്ങളില്‍ നിന്ന് അകലം പാലിക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം പോസിറ്റിവ് കേസുകള്‍ക്കുണ്ടായിരുന്ന ഐസൊലേഷന്‍ നിബന്ധനകള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.ചില പ്രത്യേക മേഖലകളിലുണ്ടായിരുന്നവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ പൊതുജനാരോഗ്യ ഉത്തരവും ന്യൂസൗത്ത് വെയില്‍സ് സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാല്‍ ഏജ്ഡ് കെയര്‍, ഡിസെബിലിറ്റി മേഖലകളിലെ ജീവനക്കാരുടെ വാക്‌സിന്‍ നിബന്ധന തുടരും.

പൊതുഗതാഗതങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിലേര്‍പ്പെടുത്തിയിരുന്ന പരിധി പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പൊതുഗതാഗത സംവിധാനം, വിമാനങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവടങ്ങളില്‍ മാസ്‌ക് നിബന്ധന തുടരും.

അതിനിടെ സംസ്ഥാനത്തെ ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കും, ഒമിക്രോണ്‍ കേസുകളിലുണ്ടായ കുറവുമാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാന്‍ കാരണമെന്ന് വിക്ടോറിയന്‍ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

കൊവിഡ് ബാധിതരുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് ഇനി മുതല്‍ ഐസൊലേഷന്‍ ആവശ്യമില്ല. ഇവര്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ മാസ്‌ക് ധരിക്കുകയും, ആശുപത്രികളും ഏജഡ് കെയറുകളും സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയും വേണം.

അടുത്ത സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് ഏഴു ദിവസത്തിനുള്ളില്‍ കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും റാപ്പിഡ് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ഫലം കിട്ടുകയും വേണം. പബ്ബുകള്‍, ക്ലബ്ബുകള്‍, കഫേകള്‍ എന്നിവടങ്ങളിലെ പ്രവേശനത്തിന് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന നിബന്ധനയും സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends