'കോവാല കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മക്കുറുക്കന്‍'; മനുഷ്യരെ പോലും അത്ഭുതപ്പെടുത്തിയ പ്രവര്‍ത്തിയെന്ന് സൈബര്‍ ലോകം വാഴ്ത്തിയ വീഡിയോയ്ക്ക് പിന്നിലെ രഹസ്യം ചുരുളഴിയുന്നു; വൈറലായ വീഡിയോ ദൃശ്യങ്ങള്‍ കാണാം
കാട്ടുതീ നശിപ്പിച്ച ഓസ്ട്രേലിയയില്‍ നിന്ന് നന്മ നിറഞ്ഞൊരു വീഡിയോ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം ചില ദൃശ്യങ്ങള്‍ വൈറലായിരുന്നു. ക്ഷമയോടെ കോവാല കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മക്കുറുക്കന്റെ വീഡിയോയാണ് വൈറലായത്. മൂന്ന് കോവാല കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മ കുറുക്കന്റെ വീഡിയോ ട്വിറ്ററിലൂടെയാണ് ആദ്യമായി പുറത്ത് വന്നത്. മാതൃത്വത്തിന്റെ മഹത്തായ ഉദാഹരണമെന്ന് ഇതിനെ പലരും വിശേഷിപ്പിക്കുന്നു. അമ്മക്കുറുക്കന്റെ സ്നേഹം നിറഞ്ഞ ഈ പ്രവൃത്തി മനുഷ്യരെ പോലും അത്ഭുതപ്പെടുത്തുകയാണെന്നാണ് ലോകം പറഞ്ഞത്. ഇപ്പോഴിതാ ഈ വീഡിയോയുടെ യാഥാര്‍ത്ഥ്യമാണ് പുറത്തു വരുന്നത്.
ഇത് ഓസ്ട്രേലിയയിലെ ഈ വര്‍ഷത്തെ കാട്ടുതീയില്‍ നിന്നുള്ള വീഡിയോ അല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അമ്മക്കുറുക്കന്‍ മുലയൂട്ടുന്നത് കൊവാല കുഞ്ഞുങ്ങളെയല്ല. കുട്ടിക്കുറുക്കന്‍മാരെ തന്നെയാണെന്നും മുന്‍ വര്‍ഷങ്ങളിലെല്ലാം ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്ന ഒരു വീഡിയോയാണ് ഇതെന്നും പുറത്തു വന്നു. 2018ല്‍ ഒരു യുട്യൂബ് അക്കൗണ്ടില്‍ ഈ വീഡിയോ വന്നത് കുട്ടിക്കുരങ്ങന്‍മാരെ മുലയൂട്ടുന്ന കുറുക്കന്‍ എന്ന പേരിലാണ്.അതിന് മുമ്പ് 2016ല്‍, കരടിക്കുഞ്ഞുങ്ങളെ മുലയൂട്ടുന്ന കുറുക്കന്‍ എന്ന പേരിലും ഇതേ വീഡിയോ പ്രചരിച്ചിരുന്നു.റിവേഴ്സ് ഇമേജിംഗ് പരിശോധനകളിലൂടെ ഫാക്ട് ചെക്കിംഗ് വെബ്സൈറ്റായ സ്നോപ്സ് കണ്ടെത്തിയിരിക്കുന്നത് 2009ല്‍ കാനഡയിലുള്ള ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍ എന്നാണ്.