കോവിഡ് പ്രതിസന്ധിയില്‍ നിന്ന് മറികടക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ വിജയിച്ചെന്ന് സ്‌കോട്ട് മൊറിസണ്‍ ; ഒരു മഹാമാരി വരുമ്പോള്‍ മറ്റേതു സര്‍ക്കാരും ചെയ്യുന്ന കാര്യം മാത്രമാണ് സ്‌കോട്ട് മോറിസന്‍ സര്‍ക്കാരും ചെയ്തതെന്ന് അല്‍ബനീസിയും

കോവിഡ് പ്രതിസന്ധിയില്‍ നിന്ന് മറികടക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ വിജയിച്ചെന്ന് സ്‌കോട്ട് മൊറിസണ്‍ ; ഒരു മഹാമാരി വരുമ്പോള്‍ മറ്റേതു സര്‍ക്കാരും ചെയ്യുന്ന കാര്യം മാത്രമാണ് സ്‌കോട്ട് മോറിസന്‍ സര്‍ക്കാരും ചെയ്തതെന്ന് അല്‍ബനീസിയും
ഫെഡറല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള ആദ്യ പരസ്യസംവാദത്തിന് ബ്രിസ്‌ബൈനിലെ ഗാബ സ്റ്റേഡിയം വേദിയായി. ഏജ്ഡ് കെയര്‍ മേഖലയിലെ നഴ്‌സുമാരുടെ എണ്ണവും, അതിര്‍ത്തി സുരക്ഷയും, പസഫിക് മേഖലയിലെ ചൈനീസ് ഭീഷണിയുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇരു നേതാക്കളും നിലപാടറിയിച്ചത്. മേയ് 21ന് നടക്കുന്ന ഫെഡറല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണ്ണായക സംസ്ഥാനമായ ക്വീന്‍സ്ലാന്റാണ് ആദ്യ നേതൃസംവാദത്തിന് വേദിയായത്.

സ്‌കൈ ന്യൂസും കൊറിയര്‍ മെയിലും ചേര്‍ന്ന് ബ്രിസ്‌ബൈനില്‍ സംഘടിപ്പിച്ച ഒരു മണിക്കൂര്‍ സംവാദത്തില്‍, പല വിഷയങ്ങളിലും ശക്തമായ വാദപ്രതിവാദങ്ങളുയര്‍ന്നു .സാമ്പത്തിക നയങ്ങളില്‍ ഊന്നിയായിരുന്നു സംവാദത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ സ്‌കോട്ട് മോറിസന്‍ സംസാരിച്ചത്.എന്നാല്‍, ജനങ്ങളുടെ ഭാവിയെ കരുതിയുള്ള പദ്ധതികള്‍ക്കാണ് ലേബര്‍ മുന്‍ഗണന നല്‍കുന്നത് എന്നായിരുന്നു അല്‍ബനീസിയുടെ മറുപടി.'സാമ്പത്തിക രംഗം ശക്തമാകണോ ദുര്‍ബലമാകണോ എന്ന് തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഇത്' എന്ന വാദവുമായാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ സംവാദം തുടങ്ങിയത്.

കോവിഡ് പ്രതിസന്ധിയില്‍ നിന്ന് മറികടക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ വിജയവും, 70 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും വലിയ ബജറ്റ് നേട്ടവുമെല്ലാം മോറിസന്‍ ചൂണ്ടിക്കാട്ടി.എന്നാല്‍, ഒരു മഹാമാരി വരുമ്പോള്‍ മറ്റേതു സര്‍ക്കാരും ചെയ്യുന്ന കാര്യം മാത്രമാണ് സ്‌കോട്ട് മോറിസന്‍ സര്‍ക്കാരും ചെയ്തത് എന്നായിരുന്നു ലേബര്‍ നേതാവ് ആന്തണി അല്‍ബനീസിയുടെ മറുപടി.

സ്വന്തം തെറ്റുകളില്‍ നിന്ന് പോലും ലിബറല്‍ സഖ്യ സര്‍ക്കാര്‍ പാഠങ്ങള്‍ പഠിക്കുന്നില്ലെന്നും അല്‍ബനീസി ആരോപിച്ചു.പക്ഷേ, പ്രധാന രാഷ്ട്രീയ നയങ്ങള്‍ ഒരേ വേദിയില്‍ അവതരിപ്പിക്കാനും, ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും രണ്ടു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിക്കുന്ന അവസരമാണ് ഈ സംവാദങ്ങള്‍.

സംവാദ വേദിയിലുള്ള കാഴ്ചക്കാര്‍ക്കിടയില്‍ നടത്തുന്ന വോട്ടെടുപ്പിലൂടെ ഒരു വിജയിയെ തെരഞ്ഞെടുക്കുകയും ചെയ്യും.ആന്തണി അല്‍ബനീസിയെയാണ് ആദ്യ സംവാദത്തില്‍ വിജയിയായി തെരഞ്ഞെടുത്തത്.

അല്‍ബനീസിക്ക് 40 ശതമാനം വോട്ടു കിട്ടിയപ്പോള്‍ സ്‌കോട്ട് മോറിസന് 35 ശതമാനം വോട്ടു ലഭിച്ചു. 25 ശതമാനം പേര്‍ നിലപാടെടുത്തില്ല.

മെഡികെയറിനെക്കാള്‍ വലിയ പദ്ധതിയാണ് ഡിസെബിലിറ്റി ഇന്‍ഷ്വറന്‍സെന്നും, അതിന് പൂര്‍ണ ഫണ്ടിംഗ് നല്‍കുന്നുണ്ട് എന്നുമായിരുന്നു പ്രധാനമന്ത്രി ചോദ്യത്തിന് മറുപടി നല്‍കിയത്.

ലേബര്‍ പാര്‍ട്ടി കൊണ്ടുവന്ന അഭിമാനപദ്ധതിയാണ് ഡിസെബിലിറ്റി സ്‌കീം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അല്‍ബനീസിയുടെ മറുപടി.

ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഇത്തരം വലിയ പദ്ധതികള്‍ ലേബര്‍ പാര്‍ട്ടിയാണ് കൊണ്ടുവരുന്നതെന്നും, ജനങ്ങളുടെ ഭാവിയെക്കരുതിയുള്ള പദ്ധതികളെല്ലാം ലേബറിന്റെ സംഭാവനയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

പല വലിയ പദ്ധതികളും ലേബര്‍ കൊണ്ടുവരുന്നുണ്ടെങ്കിലും, അതിനെല്ലാം ഫണ്ടിംഗ് കണ്ടെത്തുന്നത് ലിബറല്‍ സഖ്യമാണ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

അഭയാര്‍ത്ഥി വിഷയവും, ചൈനീസ് ഭീഷണിയുമാണ് അതിര്‍ത്തി സുരക്ഷാ രംഗത്ത് ഉയര്‍ന്നുവന്ന വിഷയങ്ങള്‍.ബോട്ടിലെത്തുന്ന അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കുന്ന നയം താന്‍ കുടിയേറ്റകാര്യ മന്ത്രിയായിരിക്കുമ്പോഴാണ് കൊണ്ടുവന്നതെന്നും ലേബര്‍ അതിനെ അനുകൂലിച്ചിരുന്നില്ലെന്നും സ്‌കോട്ട് മോറിസന്‍ പറഞ്ഞു.

അതേസമയം, ചൈനയും സോളമന്‍ ദ്വീപുമായുണ്ടാക്കിയ സുരക്ഷാ കരാര്‍ സര്‍ക്കാരിന്റെ വിദേശകാര്യ നയത്തിലെ വീഴ്ചയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

എന്നാല്‍, ചൈനയുടെ വശംപിടിച്ചുകൊണ്ട് ലേബര്‍ പാര്‍ട്ടി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

പ്രധാനമന്ത്രിയുടെ അപവാദം പറച്ചില്‍ എന്നായിരുന്നു ഇതിനോട് അല്‍ബനീസിയുടെ പ്രതികരണം.

Other News in this category



4malayalees Recommends