പഠനത്തിനായി രാജ്യത്തേക്ക് കുടിയേറുന്ന വിദ്യാര്‍ത്ഥികളുടെ ബാങ്ക് സേവിങ്‌സ് പരിധി ഉയര്‍ത്തുമെന്ന് ഓസ്‌ട്രേലിയ

പഠനത്തിനായി രാജ്യത്തേക്ക് കുടിയേറുന്ന വിദ്യാര്‍ത്ഥികളുടെ ബാങ്ക് സേവിങ്‌സ് പരിധി ഉയര്‍ത്തുമെന്ന് ഓസ്‌ട്രേലിയ
വിദ്യാഭ്യാസത്തിനായി രാജ്യത്തേക്ക് കുടിയേറുന്ന വിദ്യാര്‍ത്ഥികളുടെ ബാങ്ക് സേവിങ്‌സ് പരിധി ഉയര്‍ത്തുമെന്ന് ഓസ്‌ട്രേലിയ. ഇതോടൊപ്പം രാജ്യത്ത് നിരവധി കോളേജുകള്‍ വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നുണ്ടെന്ന മുന്നറിയിപ്പും ഓസ്‌ട്രേലിയ സര്‍ക്കാര്‍ നല്‍കി.

വെള്ളിയാഴ്ച മുതല്‍ ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ത്ഥി വിസക്ക് അപേക്ഷിക്കുന്നവര്‍ 29710 ഓസ്‌ട്രേലിയന്‍ ഡോളര്‍ തങ്ങളുടെ സേവിങ്‌സായി കാണിക്കണം. 19576 അമേരിക്കന്‍ ഡോളറും 16.34 ലക്ഷം ഇന്ത്യന്‍ രൂപയ്ക്കും തുല്യമായ തുകയാണിത്. ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഓസ്‌ട്രേലിയ സ്റ്റുഡന്റ് വിസയുമായി ബന്ധപ്പെട്ട ബാങ്ക് സേവിങ്‌സ് പരിധി ഉയര്‍ത്തിയത്. ഒക്ടോബറില്‍ 21041 ഓസ്‌ട്രേലിയന്‍ ഡോളറില്‍ നിന്ന് 24505 ഡോളറായി സേവിങ്‌സ് പരിധി ഉയര്‍ത്തിയിരുന്നു.

രാജ്യത്തേക്ക് വരുന്ന വിദേശ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. 2022 ല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയ ശേഷം കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധന, വാടക വിപണിക്ക് മേലെ വലിയ സമ്മര്‍ദ്ദമായി മാറിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയ സര്‍ക്കാര്‍ സ്റ്റുഡന്റ് വിസയ്ക്കുള്ള ബാങ്ക് സേവിങ്‌സ് പരിധി ഉയര്‍ത്തിയത്.

സ്റ്റുഡന്റ് വിസയുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങള്‍ മാര്‍ച്ച് മാസത്തില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പുറമെ വിദേശ വിദ്യാര്‍ത്ഥികള്‍ നീണ്ട കാലം ഓസ്‌ട്രേലിയയില്‍ തന്നെ തങ്ങുന്നത് അവസാനിപ്പിക്കാനുള്ള നിയന്ത്രണങ്ങളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

അതേസമയം രാജ്യത്ത് വ്യാജ റിക്രൂട്ട്‌മെന്റുകളും നിര്‍ബാധം തുടരുന്നുണ്ട്. ഇത്തരത്തിലുള്ള 34 സ്ഥാപനങ്ങള്‍ക്ക് ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രാലയം നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ കുട്ടികളെ ചതിച്ച് റിക്രൂട്ട് ചെയ്തതാണെന്ന് തെളിഞ്ഞാല്‍ ജയില്‍ ശിക്ഷയും സമ്പൂര്‍ണ വിലക്കും നേരിടേണ്ടി വരും.

വിദ്യാഭ്യാസ രംഗമാണ് ഓസ്‌ട്രേലിയയുടെ വരുമാനത്തിന്റെ വലിയ ഭാഗം. 36.4 ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറാണ് വിദ്യാഭ്യാസ കയറ്റുമതിയിലൂടെ 2022-23 കാലത്ത് ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥ നേടിയത്. എന്നാല്‍ കുടിയേറ്റം ക്രമാതീതമായി കൂടുന്നത് സര്‍ക്കാരിന് വലിയ തലവേദനയായിരിക്കുകയാണ്. കുടിയേറ്റത്തില്‍ 2023 സെപ്തംബര്‍ 30 ലെ കണക്ക് പ്രകാരം 60% വര്‍ധനയുണ്ടായി. എന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിലൂടെ കുടിയേറുന്നവരുടെ എണ്ണം നിയന്ത്രിക്കാനാവുമെന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.


Other News in this category



4malayalees Recommends