എനര്‍ജി പ്രൈസ് 2022ല്‍ ബ്രിട്ടന് നല്‍കുന്നത് 'മിന്നല്‍ ഷോക്ക്'! 1970കള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; വില വര്‍ദ്ധനവ് ബുദ്ധിമുട്ടിക്കും; റഷ്യയുടെ ഉക്രെയിന്‍ അധിനിവേശം വിപണികളെ അസ്ഥിരപ്പെടുത്തിയത് വെല്ലുവിളി

എനര്‍ജി പ്രൈസ് 2022ല്‍ ബ്രിട്ടന് നല്‍കുന്നത് 'മിന്നല്‍ ഷോക്ക്'! 1970കള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; വില വര്‍ദ്ധനവ് ബുദ്ധിമുട്ടിക്കും; റഷ്യയുടെ ഉക്രെയിന്‍ അധിനിവേശം വിപണികളെ അസ്ഥിരപ്പെടുത്തിയത് വെല്ലുവിളി

എനര്‍ജി പ്രൈസ് വില വര്‍ദ്ധനവ് 2022 വര്‍ഷത്തില്‍ ബ്രിട്ടനെ പിടിച്ചുകുലുക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 1970കള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന എനര്‍ജി ഷോക്കാണ് ഈ വര്‍ഷം രാജ്യത്തിന് നേരിടേണ്ടിവരുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. ഉക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശം സാമ്പത്തിക അസ്ഥിരത വരുത്തിവെച്ചതോടെയാണ് വിപണികള്‍ ചാഞ്ചാടുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു.


ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ലോക സമ്പദ് വ്യവസ്ഥ നേരിട്ടതിലും വലിയ വെല്ലുവിളികളാണ് ഇപ്പോള്‍ മുന്നിലുള്ളതെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു. ഗ്യാസ്, ഓയില്‍, മെറ്റല്‍, അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ വില വര്‍ദ്ധനവ് പ്രകടമാണ്. കൂടാതെ ധനലഭ്യത കുറഞ്ഞതോടെ വ്യാപാരത്തിന്റെ തോത് കുറയ്ക്കുകയാണ് കമ്പനികള്‍.

സാമ്പത്തിക മേഖലയിലെ സമ്മര്‍ദങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് കൊമോഡിറ്റി മാര്‍ക്കറ്റിലാണെന്ന് ബെയ്‌ലി ചൂണ്ടിക്കാണിച്ചു. ഇപ്പോഴും ബ്രിട്ടന്‍ നേരിടുന്ന വെല്ലുവിളികളൊന്നും 1970കളിലെ പ്രതിസന്ധിയെ മറികടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആ ഘട്ടത്തിലെ എണ്ണ പ്രതിസന്ധി ബ്രിട്ടീഷ് യുദ്ധാനന്തര ചരിത്രത്തിലെ ഏറ്റവും വലിയ പണപ്പെരുപ്പം സമ്മാനിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്, ബെയ്‌ലി കൂട്ടിച്ചേര്‍ത്തു.

എനര്‍ജി വില ഉയരുന്നത് മൂലം പണപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര ബാങ്കുകള്‍ പെടാപ്പാട് പെടുമ്പോഴാണ് റഷ്യ യുദ്ധവുമായി ഇറങ്ങിയത്. ഇത് സ്ഥിതി കൂടുതല്‍ മോശമാക്കി. ബ്രിട്ടന്‍ ഡിസംബറിന് ശേഷം മൂന്ന് തവണയാണ് പലിശ നിരക്ക് ഉയര്‍ത്തിയത്. ഇതിന് ശേഷം കൂടുതല്‍ വര്‍ദ്ധന ആവശ്യമായി വരില്ലെന്ന് അധികൃതര്‍ ശബ്ദം മയപ്പെടുത്തിയിട്ടുണ്ട്.
Other News in this category



4malayalees Recommends