ഫൈനല്‍ പോരാട്ടത്തില്‍ ഋഷി സുനാകും, ലിസ് ട്രസും നേര്‍ക്കുനേര്‍! ഇന്ത്യന്‍ വംശജന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയില്‍ ഇരിപ്പുറപ്പിക്കാന്‍ ഇനി ടോറി അംഗങ്ങള്‍ കനിയണം; എട്ട് വോട്ടുകളുടെ വ്യത്യാസത്തില്‍ പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്നും പുറത്തായി

ഫൈനല്‍ പോരാട്ടത്തില്‍ ഋഷി സുനാകും, ലിസ് ട്രസും നേര്‍ക്കുനേര്‍! ഇന്ത്യന്‍ വംശജന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയില്‍ ഇരിപ്പുറപ്പിക്കാന്‍ ഇനി ടോറി അംഗങ്ങള്‍ കനിയണം; എട്ട് വോട്ടുകളുടെ വ്യത്യാസത്തില്‍ പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്നും പുറത്തായി

ഇനി ടോറി പാര്‍ട്ടിക്ക് പുതിയ നേതാവിനെ കണ്ടെത്താനുള്ള അവസാന ലാപ്പ് മത്സരം ബാക്കി. മുന്‍ ചാന്‍സലര്‍ ഋഷി സുനാക്, ഫോറിന്‍ സെക്രട്ടറി ലിസ് ട്രസ് എന്നിവരാണ് അവസാന മത്സരാര്‍ത്ഥികളായി അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചത്. ഇനി രണ്ട് ലക്ഷത്തോളം വരുന്ന ടോറി അംഗങ്ങളാണ് ഭാവി ടോറി നേതാവിനെയും, അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കുന്നത്.


ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയില്‍ ഋഷി സുനാക് എത്തിച്ചേര്‍ന്നാല്‍ ചരിത്രത്തില്‍ അത് വൈരുദ്ധ്യമായി മാറും. ഇന്ത്യയെ കോളനിവത്കരിച്ച്, രാജ്യത്തെ കൊള്ളയടിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭരണസിരാകേന്ദ്രത്തില്‍ നേതാവായി ഇരിക്കുന്ന ഇന്ത്യന്‍ വംശജനെന്ന ചരിത്ര നിമിഷത്തിന് അരികിലാണ് സുനാക്. ഇത് പറഞ്ഞ് തന്നെയാണ് എതിരാളി ലിസ് ട്രസ് അംഗങ്ങളുടെ വോട്ട് തേടുന്നത്.

അടുത്ത ഏഴ് ആഴ്ചകളില്‍ ടോറി പാര്‍ട്ടി അംഗങ്ങള്‍ തങ്ങളുടെ നേതാവിനെ പോസ്റ്റല്‍ ബാലറ്റ് വഴി തീരുമാനിക്കും. ആദ്യ ഘട്ടം മുതല്‍ നിലനിര്‍ത്തുന്ന ലീഡുമായി 137 വോട്ടുകളോടെയാണ് സുനാക് അന്തിമ മത്സരത്തിന് എത്തുന്നത്. ഫോറിന്‍ സെക്രട്ടറി ട്രസിന് 113 പേരുടെ പിന്തുണയാണ് ലഭിച്ചത്. യുകെയുടെ 56-ാമത് പ്രധാനമന്ത്രി പദത്തിലേക്ക് വാതുവെപ്പുകാര്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നതും ട്രസിന് തന്നെ.

ടോറി അംഗങ്ങളുടെ യൂഗോവ് പോള്‍ പ്രകാരം 54 ശതമാനം പേര്‍ ട്രസിനെ പിന്തുണയ്ക്കുമെന്നാണ് പ്രവചനം. 35 ശതമാനം പേര്‍ മാത്രമാകും സുനാകിനെ അനുകൂലിക്കുകയെന്നും പറയുന്നു. വരുന്ന ആഴ്ചകളില്‍ യുകെയിലെ വിവിധ ഇടങ്ങളില്‍ നടക്കുന്ന ഹസ്റ്റിംഗ്‌സില്‍ എതിരാളികള്‍ കൊമ്പുകോര്‍ക്കും. പാര്‍ട്ടിയില്‍ ഉള്‍പ്പോര് രൂക്ഷമാക്കി അടുത്ത തെരഞ്ഞെടുപ്പ് ലേബര്‍ പാര്‍ട്ടിക്ക് സമ്മാനിക്കാന്‍ ഇത് കാരണമാകുമെന്ന് ആശങ്കപ്പെടുന്നവര്‍ നിരവധിയാണ്.

കൂടുതല്‍ സമയം ലഭിച്ചാല്‍ സുനാകിന്റെ പ്രചരണങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് എംപിമാര്‍ കരുതുന്നു. ഫോറിന്‍ സെക്രട്ടറി ട്രസ് ഏതെങ്കിലും അബദ്ധത്തില്‍ വീഴാനും ഇടയുണ്ടെന്ന് ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആഗസ്റ്റ് ആദ്യം തന്നെ ബാലറ്റ് തുടങ്ങുന്നത് ട്രസിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും ആശങ്കയുണ്ട്.
Other News in this category



4malayalees Recommends