ലെസ്റ്റര്‍ ക്രിക്കറ്റ് ഗ്രൗണ്ടിന് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറിന്റെ പേര് നല്‍കി ആദരം; ലോകോത്തര വേഗതക്കാരുടെ പന്തുകളെ സുധൈര്യം നേരിട്ട ലോകത്തിലെ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്റെ പേരില്‍ ഇനി ബ്രിട്ടനിലെ ഗ്രൗണ്ട് അറിയപ്പെടും

ലെസ്റ്റര്‍ ക്രിക്കറ്റ് ഗ്രൗണ്ടിന് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറിന്റെ പേര് നല്‍കി ആദരം; ലോകോത്തര വേഗതക്കാരുടെ പന്തുകളെ സുധൈര്യം നേരിട്ട ലോകത്തിലെ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്റെ പേരില്‍ ഇനി ബ്രിട്ടനിലെ ഗ്രൗണ്ട് അറിയപ്പെടും

ഇന്ത്യയില്‍ നിന്നും പുറത്തുവന്ന ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍. 1970-കളിലും, 80-കളുടെ ആദ്യത്തിലും ലോകോത്തര പന്തെറിയലുകാരെ സുധൈര്യം നേരിട്ട് തകര്‍ത്തടിച്ച് ലോകമെമ്പാടും ആരാധകരെ നേടിയ ക്രിക്കറ്റ് താരം. കളിക്കളത്തില്‍ നിന്നും വിടവാങ്ങിയിട്ടും ടിവി കമന്റേറ്ററായി ക്രിക്കറ്റ് ലോകത്തിന്റെ ശബ്ദമായി തുടരുന്ന സുനില്‍ ഗവാസ്‌കറുടെ പേര് നല്‍കി ലെസ്റ്റര്‍ ക്രിക്കറ്റ് ഗ്രൗണ്ട്.


5 ഏക്കര്‍ വരുന്ന ഗ്രൗണ്ടിന് തന്റെ പേരിടുന്ന ചടങ്ങില്‍ ഗവാസ്‌കര്‍ നേരിട്ടെത്തിയിരുന്നു. തന്നെ ആദരിക്കാനായി ഒരുക്കിയ ചുമര്‍ചിത്രം ഇദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗ്രൗണ്ടിന് ഇന്ത്യന്‍ ഇതിഹാസത്തിന്റെ പേര് നല്‍കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചത് യുകെയില്‍ ഏറ്റവും കൂടുതല്‍ കാലം പാര്‍മെന്റേറിയനായി സേവനം അനുഷ്ഠിച്ച ഇന്ത്യന്‍ വംശജനായ കീത്ത് വാസാണ്.


'ലെസ്റ്ററില്‍ എന്റെ പേരിലൊരു ഗ്രൗണ്ട് വരികയെന്നത് അനുഗ്രഹമാണ്. ഇത് എനിക്ക് മാത്രമുള്ള അംഗീകാരമല്ല. എനിക്കൊപ്പം ടെന്നീസ് ബോളില്‍ മുതല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ വരെ ഒപ്പം കളിച്ചവര്‍ക്കും, എന്റെ കുടുംബത്തിനും, ഏറ്റവും പ്രധാനമായി എന്റെ ആരാധകര്‍ക്കും കൂടിയുള്ള അംഗീകാരമാണ്. ഈ അവിശ്വസനീയ യാത്രയില്‍ ഒപ്പമുണ്ടായ എല്ലാവര്‍ക്കും നന്ദി', ഗവാസ്‌കര്‍ പിന്നീട് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

എക്കാലത്തെയും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ എന്ന് ലോകം അംഗീകരിക്കുന്ന താരമാണ് ഗവാസ്‌കര്‍. 125 ടെസ്റ്റുകളില്‍ നിന്നായി 10,122 റണ്‍ നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ പേരില്‍ 34 സെഞ്ചുറികളും, 45 അര്‍ദ്ധസെഞ്ചുറികളുമുണ്ട്. 51.12 ശതമാനമാണ് ശരാശരി.

ബാറ്റ്‌സ്മാന്‍മാര്‍ ഭയപ്പെട്ടിരുന്ന അക്കാലത്തെ വെസ്റ്റ് ഇന്‍ഡീസ് പേസ് അക്രമത്തിന് എതിരെയാണ് ഇതില്‍ കൂടുതല്‍ റണ്ണും ഗവാസ്‌കര്‍ അടിച്ചുകൂട്ടിയത്. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികളുടെ റെക്കോര്‍ഡും ഗവാസ്‌കറുടെ പേരിലായിരുന്നു.
Other News in this category



4malayalees Recommends