ഇനി യുകെയിലേക്കൊരു മടങ്ങിവരവില്ല? താനും, മെഗാനും യുകെയിലേക്ക് തിരിച്ചുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഹാരി; എത്ര ആവശ്യപ്പെട്ടാലും സസെക്‌സ് രാജകീയ സ്ഥാനപ്പേരുകള്‍ ഉപേക്ഷിക്കില്ല; ബ്രിട്ടനിലെ പൊതുജനങ്ങള്‍ക്കിടയില്‍ 'അനിഷ്ടം' വര്‍ദ്ധിക്കുന്നു

ഇനി യുകെയിലേക്കൊരു മടങ്ങിവരവില്ല? താനും, മെഗാനും യുകെയിലേക്ക് തിരിച്ചുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഹാരി; എത്ര ആവശ്യപ്പെട്ടാലും സസെക്‌സ് രാജകീയ സ്ഥാനപ്പേരുകള്‍ ഉപേക്ഷിക്കില്ല; ബ്രിട്ടനിലെ പൊതുജനങ്ങള്‍ക്കിടയില്‍ 'അനിഷ്ടം' വര്‍ദ്ധിക്കുന്നു

രാജകുടുംബത്തിലെ വര്‍ക്കിംഗ് അംഗങ്ങള്‍ എന്ന നിലയിലേക്ക് ഇനിയൊരു മടങ്ങിവരവ് ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ഹാരി രാജകുമാരന്‍. അമേരിക്കയിലേക്ക് താമസം മാറ്റിയ താനും, മെഗാനും ഇനി യുകെയിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കവെയാണ് ഇക്കാര്യം രാജകുമാരന്‍ സ്ഥിരീകരിച്ചത്.


ഗുഡ് മോണിംഗ് അമേരിക്കയില്‍ സംസാരിക്കവെയാണ് ഹാരി ഇക്കാര്യത്തില്‍ മനസ്സ് തുറന്നത്. 'തിരിച്ചുപോക്ക് സാധ്യമായ കാര്യമാണെന്ന് തോന്നുന്നില്ല. ഞാനും, എന്റെ കുടുംബവും തമ്മില്‍ ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നാല്‍ പോലും ഇത് നടപ്പാകുന്നില്ലെന്ന് ഉറപ്പിക്കാന്‍ മൂന്നാം കക്ഷികള്‍ ഇടയിലുണ്ടാകും. ഞങ്ങള്‍ തിരിച്ചെത്തുന്നില്ലെന്ന് അവര്‍ ഉറപ്പാക്കുക മാത്രമല്ല, അങ്ങിനെ സംഭവിച്ചാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയും ഒരുക്കും', ഹാരി പറഞ്ഞു.

ഇത്രയൊക്കെ വെറുക്കുന്നുണ്ടെങ്കില്‍ സസെക്‌സ് സ്ഥാനപ്പേരുകള്‍ എന്ത് കൊണ്ട് ഉപേക്ഷിക്കുന്നില്ലെന്ന് മറ്റൊരു അഭിമുഖത്തില്‍ അവതാരകന്‍ ചോദിച്ചു. 'ഇതുകൊണ്ട് എന്ത് മാറ്റം സംഭവിക്കും' എന്നായിരുന്നു ഇക്കാര്യത്തില്‍ ഹാരിയുടെ മറുചോദ്യം. ഇതിനിടെ ബ്രിട്ടനില്‍ ഹാരിയോടുള്ള സ്‌നേഹത്തില്‍ ഇടിവ് സംഭവിച്ചതായി സര്‍വ്വെകള്‍ വ്യക്തമാക്കി.

പുതിയ യൂഗോവ് സര്‍വ്വെയില്‍ ഡ്യൂക്കിന്റെ ജനപ്രിയത -38 എത്തിയിട്ടുണ്ട്. പോളില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് പേരും ഹാരിയെ കുറിച്ച് നെഗറ്റീവ് കാഴ്ചപ്പാട് പങ്കുവെച്ചു. ഹാരിയെ പിന്തുണച്ചിരുന്ന 18-24 വയസ്സുള്ളവരുടെ എണ്ണവും താഴ്ന്നിട്ടുണ്ട്.

താന്‍ സീനിയര്‍ വര്‍ക്കിംഗ് റോയല്‍ പദവിയില്‍ നിന്നും ഒഴിവായതില്‍ അന്തരിച്ച രാജ്ഞിക്ക് രോഷമോ, നിരാശയോ ഉണ്ടായിരുന്നില്ലെന്നും ഹാരി അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 'എന്താണ് നടക്കുന്നതെന്ന് അവര്‍ക്കറിയാം. എത്ര ബുദ്ധിമുട്ടാണെന്നും അറിയാം. അതുകൊണ്ട് തന്നെ ഒരിക്കലും ദേഷ്യമുള്ളതായി പറഞ്ഞിട്ടില്ല. അത്രയൊക്കെ അവസ്ഥയിലെത്തിയെന്ന ദുഃഖമുണ്ടായിരുന്നു', ഹാരി വ്യക്തമാക്കി.
Other News in this category



4malayalees Recommends