നേമത്ത് ബിജെപി വിജയിക്കാതിരിക്കാന്‍ പതിനായിരം വോട്ടുകള്‍ ശിവന്‍കുട്ടിയ്ക്ക് നല്‍കിയെന്ന് എസ്ഡിപിഐ ; സിപിഎം വോട്ടുമറിച്ചതിന്റെ തെളിവെന്ന് മുല്ലപ്പള്ളി

നേമത്ത് ബിജെപി വിജയിക്കാതിരിക്കാന്‍ പതിനായിരം വോട്ടുകള്‍ ശിവന്‍കുട്ടിയ്ക്ക് നല്‍കിയെന്ന് എസ്ഡിപിഐ ; സിപിഎം വോട്ടുമറിച്ചതിന്റെ തെളിവെന്ന് മുല്ലപ്പള്ളി
നേമത്തും കഴക്കൂട്ടത്തും സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്ക് എസ്.ഡി.പി.ഐ വോട്ടുകള്‍ മറിച്ചുനല്‍കിയതായി വെളിപ്പെടുത്തല്‍. എല്‍.ഡി.എഫ് നേതൃത്വവും സ്ഥാനാര്‍ത്ഥികളും പിന്തുണയ്ക്കായി സമീപിച്ചിരുന്നുവെന്നും എസ്.ഡി.പി.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പറഞ്ഞു.നേമത്ത് പതിനായിരത്തോളം പാര്‍ട്ടി വോട്ടുണ്ടെന്നും ഇതു ശിവന്‍കുട്ടിക്ക് നല്‍കിയെന്നുമാണ് എസ്.ഡി.പി.ഐ നേതാവിന്റെ വെളിപ്പെടുത്തല്‍.

നേമത്ത് പാര്‍ട്ടിയുടെ അന്വേഷണത്തില്‍ ബി.ജെ.പി വരാതിരിക്കാന്‍ മുന്‍തൂക്കമുളള സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുക എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതനുസരിച്ച് എല്‍.ഡി.എഫിനാണ് പിന്തുണ നല്‍കിയതെന്നും സിയാദ് കണ്ടല വ്യക്തമാക്കി. അതേസമയം വെളിപ്പെടുത്തലോടെ ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

തലയില്‍ മുണ്ടിട്ട് ഭീകര സംഘടനകളുടെ വോട്ടുവാങ്ങേണ്ട ഗതികേടിലാണ് സി.പി.എമ്മെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

സി.പി.എം വോട്ടുമറിച്ചതിന്റെ തെളിവാണ് എസ്.ഡി.പി.ഐ നേതാവിന്റെ വെളിപ്പെടുത്തലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ പ്രതികരിച്ചു. സി.പി.എം എന്തും ചെയ്യും. കാരണം സി.പി.എമ്മിനെ നയിക്കുന്നത് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയോ സെന്‍ട്രല്‍ കമ്മിറ്റിയോ ഒന്നുമല്ല, ക്യാപ്റ്റന്‍ പണറായി വിജയനാണ്. അദ്ദേഹം ഏതറ്റംവരെയും പോകുമെന്നും മുല്ലപ്പളളി പറഞ്ഞു.

Other News in this category4malayalees Recommends