കോവിഡ് ബൂസ്റ്റര്‍ വാക്‌സിനേഷന്‍ 'ഉഷാറാക്കി' ഒമിക്രോണ്‍ വേരിയന്റിനെ നേരിടാന്‍ ബ്രിട്ടന്‍; 18 വയസ്സ് മുതല്‍ മൂന്നാം ഡോസ് അംഗീകരിക്കാന്‍ ജെസിവിഐ; സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മാസ്‌ക് ധരിക്കാന്‍ ഉപദേശം

കോവിഡ് ബൂസ്റ്റര്‍ വാക്‌സിനേഷന്‍ 'ഉഷാറാക്കി' ഒമിക്രോണ്‍ വേരിയന്റിനെ നേരിടാന്‍ ബ്രിട്ടന്‍; 18 വയസ്സ് മുതല്‍ മൂന്നാം ഡോസ് അംഗീകരിക്കാന്‍ ജെസിവിഐ; സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മാസ്‌ക് ധരിക്കാന്‍ ഉപദേശം

ബ്രിട്ടന്റെ കോവിഡ് ബൂസ്റ്റര്‍ വാക്‌സിനേഷന്‍ കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ച് ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനം തടയാന്‍ ഗവണ്‍മെന്റിന്റെ തിരക്കിട്ട നീക്കം. പുതിയ സൂപ്പര്‍ വേരിയന്റ് വ്യാപനം തടഞ്ഞുനിര്‍ത്തുന്നത് അസാധ്യമാകുമെങ്കിലും പരമാവധി രോഗികളുടെ എണ്ണം തടഞ്ഞുനിര്‍ത്താനാണ് ശ്രമം. സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്മ്യൂണല്‍ ഏരിയയില്‍ മാസ്‌ക് ധരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


സ്ഥിതിഗതികളില്‍ അടിയന്തര യോഗം വിളിച്ച ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ & ഇമ്മ്യൂണൈസേഷന്‍ യുവാക്കള്‍ക്കും ബൂസ്റ്റര്‍ നല്‍കാന്‍ ഉപദേശം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഡോസും, മൂന്നാം ഡോസും തമ്മിലുള്ള ഇടവേള ആറില്‍ നിന്ന് അഞ്ചായി ചുരുക്കുമെന്നും കരുതുന്നു.

അതേസമയം പുതിയ വേരിയന്റ് മുന്‍ രൂപമാറ്റങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപനശേഷിയുള്ളതും, വാക്‌സിനുകളുടെ സുരക്ഷയെ മറികടക്കുമെന്നും ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നുണ്ട്. ഈ ഘട്ടത്തില്‍ പ്രഖ്യാപിച്ച വിലക്കുകള്‍ താല്‍ക്കാലികമായിരിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് ഉറപ്പുനല്‍കി. അടുത്ത മാസം ക്രിസ്മസ് നല്ല രീതിയില്‍ തന്നെ ആഘോഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.

ഇതിനിടെ യുകെയില്‍ ഒമിക്രോണ്‍ വേരിയന്റിന്റെ മൂന്നാമത്തെ കേസ് സ്ഥിരീകരിച്ചതായി ഹെല്‍ത്ത് ഒഫീഷ്യലുകള്‍ വ്യക്തമാക്കി. സതേണ്‍ ആഫ്രിക്കയില്‍ നിന്നുമെത്തിയ ഈ വ്യക്തി ടെസ്റ്റ് റിസല്‍റ്റ് ലഭിക്കുന്നതിന് മുന്‍പ് യുകെയില്‍ നിന്നും മടങ്ങിയിരുന്നു. എസെക്‌സില്‍ സ്ഥിരീകരിച്ച മറ്റ് രണ്ട് കേസുകളില്‍ സമ്പര്‍ക്കം കണ്ടെത്താന്‍ അധികൃതര്‍ ശ്രമിച്ച് വരികയാണ്.

ചൊവ്വാഴ്ച മുതലാണ് ഇംഗ്ലണ്ടില്‍ ഷോപ്പുകളിലും, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കുന്ന നടപടി തിരിച്ചെത്തുന്നത്. സെക്കന്‍ഡറി പ്രായത്തിലുള്ള വിദ്യാര്‍ത്ഥികളും, അധ്യാപകരും മാസ്‌ക് ധരിക്കണമെന്ന് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇംഗ്ലീഷ് സ്‌കൂളുകളെ അറിയിച്ചിട്ടുണ്ട്.

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം പോലീസിന് കൈമാറി. 200 പൗണ്ട് മുതല്‍ 6400 പൗണ്ട് വരെ പിഴയാണ് നിയമലംഘനത്തിന് നേരിടേണ്ടി വരിക.
Other News in this category4malayalees Recommends