അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്ക് പറയേണ്ടവര്‍ മോദി പിണറായി കൂട്ടുകെട്ട് ; അമ്പായത്തോടില്‍ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി

അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്ക് പറയേണ്ടവര്‍ മോദി  പിണറായി കൂട്ടുകെട്ട് ; അമ്പായത്തോടില്‍ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി
കൊട്ടിയൂര്‍ അമ്പായത്തോടില്‍ സായുധരായ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. സ്ത്രീ ഉള്‍പ്പെടെയുള്ള നാലംഗ മാവോയിസ്റ്റ് സംഘമാണ് പ്രകടനം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രകടനത്തിനുശേഷം ലഘുലേഖ വിതരണം ചെയ്തും, പോസ്റ്ററുകള്‍ ഒട്ടിച്ചുമായിരുന്നു സഘം മടങ്ങിയത്.

കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴി ടൗണിലെത്തിയ സംഘം പ്രകടനം നടത്തിയശേഷം വനത്തിലേക്ക് തന്നെ തിരിച്ചു പോവുകയായിരുന്നു. അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്ക് പറയേണ്ടവര്‍ മോദി പിണറായി കൂട്ടുകെട്ട് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മാവോയിസ്റ്റുകള്‍ ഉയര്‍ത്തിത്.

തിരിച്ചടിക്കാന്‍ സായുധരാവുക എന്ന ആഹ്വാനവും പോസ്റ്ററുകളിലുണ്ട്. 'ഓപ്പറേഷന്‍ സമാധാനി'നെതിരെയാണ് പോസ്റ്ററുകളിലെ പ്രധാന വിമര്‍ശനം. ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് അധികാരം ഉറപ്പിക്കാന്‍ സമാധാനപരമായ പാതയൊരുക്കുക എന്ന സൈനിക രാഷ്ട്രീയ ദൗത്യമാണ് ഓപ്പറേഷന്‍ സമാധാന്‍ എന്ന സൈനിക കടന്നാക്രമണ യുദ്ധത്തിലൂടെ മോദി നടപ്പിലാക്കുന്നതെന്ന് പോസ്റ്ററില്‍ പറയുന്നു.

'ഓപ്പറേഷന്‍ സമാധാന്‍ ജനങ്ങള്‍ക്കെതിരായ യുദ്ധം ചെറുക്കുക, പരാജയപ്പെടുത്തുക' എന്ന തലക്കെട്ടിലുള്ള ലഘുലേഖയാണ് ഇവര്‍ അമ്പായത്തോടില്‍ വിതരണം ചെയ്തത്. ജനുവരി 31 ന് പ്രഖ്യാപിച്ച സമാധാന്‍ വിരുദ്ധ ഭാരത് ബന്ദ് വിജയിപ്പിക്കുക എന്ന ആഹ്വാനവും പോസ്റ്ററുകളിലുണ്ട്. നേരത്തെയും സമാനമായ പ്രകടനങ്ങള്‍ അമ്പായത്തോടില്‍ ഉണ്ടായിട്ടുണ്ട്. അന്ന് സ്ഥലത്ത് പോലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

Other News in this category4malayalees Recommends