പിതാവിന്റെ തല അറുത്തെടുത്ത് കുടല്‍മാല അണിഞ്ഞ് നഗ്നായി തെരുവില്‍ അലഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉക്രെയിനിലെ ഒഡേസയിലാണ് ഞെട്ടിക്കുന്ന സംഭവം. 30കാരനായ ദിമിത്രി പോണോമാറെന്കോ രക്തത്തില്‍ കുളിച്ച് ഫ്ളാറ്റില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കൈയില്‍ പിതാവിന്റെ അറുത്തെടുത്ത ശിരസ്സും കണ്ടതോടെയാണ് അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിച്ചത്.
53കാരനായ പിതാവ് ഇഗോര്‍ പോണോമാറെന്കോയുടെ തലയാണ് ദിമിത്രി കൈയില്‍ പിടിച്ചിരുന്നത്. ചുറ്റുമുള്ളവര്‍ ഭയത്തോടെ നോക്കി നില്‍ക്കുമ്പോഴും നഗ്നനായി പുറത്തിറങ്ങിയ അക്രമി പട്ടണത്തിലെ ബെഞ്ചില്‍ സമാധാനപൂര്‍ണ്ണമായി വന്നിരുന്ന് സിഗററ്റിന് തീകൊളുത്തിയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വിവരം ലഭിച്ചതോടെ പോലീസ് സ്ഥലത്ത് കുതിച്ചെത്തി.
പോലീസ് സ്ഥലത്തെത്തുമ്പോള്‍ നഗ്നനായി നടന്ന ദിമിത്രി കൈയിലുള്ള തല പാര്‍ക്ക് ചെയ്തിരുന്ന കാറുകളില്‍ ഇടിക്കുന്നതാണ് കണ്ടത്. അറസ്റ്റ് ചെയ്യുമ്പോള്‍ കഴുത്തില്‍ ഇയാള്‍ കുടല്‍മാല തൂക്കിയിരുന്നു. ഇവരുടെ ഫ്ളാറ്റില്‍ എത്തിയ പോലീസ് രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പിതാവ് ഇഗോറിന്റെ മൃതദേഹം കട്ടിലിലും, കുടുംബ സുഹൃത്ത് 32കാരന് അലക്സാണ്ടറിന്റെ മൃതശരീരം വെട്ടിമുറിച്ച് തുറന്ന നിലയിലുമായിരുന്നു.
എന്തിനാണ് കൊലപാതകം നടത്തിയതെന്ന പോലീസിന്റെ ചോദ്യത്തിന് 'താന്‍ ആരാലും ആരാധിക്കപ്പെടാത്ത ദൈവമായതിനാലാണ് ബലി നല്‍കിയതെന്നാണ്' ദിമിത്രി പ്രതികരിച്ചത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ ഇരട്ട കൊലപാതക കേസിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. കേസ് തെളിയിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ ജയില്‍ശിക്ഷയും ലഭിക്കാം.