മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു ; 27 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് അവസാനം

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു ; 27 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് അവസാനം
മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ ശതകോടീശ്വരന്മാരില്‍ പ്രധാനിയുമായ ബില്‍ ഗേറ്റ്‌സും (65) ഭാര്യ മെലിന്‍ഡയും (56) വേര്‍പിരിഞ്ഞു. 27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വേര്‍പിരിയാന്‍ ഇരുവരും തീരുമാനമെടുത്തത്. ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ദമ്പതികളിലൊന്നാണ് ബില്‍ഗേറ്റ്‌സും മെലിന്‍ഡയും. 130 ബില്ല്യണ്‍ ഡോളറാണ് ഇവരുടെ സമ്പാദ്യം. സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും ഇവര്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ചെലവാക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ട്വിറ്ററിലൂടെയാണ് വേര്‍പിരിയുന്ന കാര്യം ഇവര്‍ അറിയിച്ചത്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇനിയും തുടരുമെന്ന് ഇവര്‍ അറിയിച്ചു. ഇവര്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. ചാരിറ്റി ഫൗണ്ടേഷന്‍ ഇനിയും തുടരുമെന്നും ദമ്പതികള്‍ എന്ന നിലയില്‍ ജീവിതം ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്തതിനാലാണ് വിവാഹ മോചനം നേടുന്നതെന്നും പുതിയ ജീവിതത്തിന് തുടക്കമാകുകയാണെന്നും ഇരുവരും അറിയിച്ചു. നേരത്തെ ആമസോണ്‍ ഉടമ ജെഫ് ബെസോസും ഭാര്യ മക്കെസിയും വേര്‍പിരിഞ്ഞിരുന്നു.

1994ല്‍ ഹവായില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. മെലിന്‍ഡ് മൈക്രോസോഫ്റ്റില്‍ പ്രൊഡക്ട് മാനേജരായി ജോലി നോക്കവെയാണ് 1987ലാണ് ഇരുവരും പരിചയപ്പെടുന്നത്. 2019 ലെ അവളുടെ ഓര്‍മ്മക്കുറിപ്പായ 'ദി മൊമെന്റ് ഓഫ് ലിഫ്റ്റ്' ല്‍ മെലിന്‍ഡ ഗേറ്റ്‌സ്, പ്രശസ്ത വ്യക്തിയുടെ ഭാര്യയെന്ന നിലയിലും മൂന്ന് കുട്ടികളുമൊത്തുള്ള വീട്ടില്‍ താമസിക്കുന്ന അമ്മയെന്ന നിലയിലും തന്റെ ബാല്യം, ജീവിതം, സ്വകാര്യ പോരാട്ടങ്ങള്‍ എന്നിവയെക്കുറിച്ച് എഴുതിയിരുന്നു. ഒരു വര്‍ക്ക് ഡിന്നറില്‍ കണ്ടുമുട്ടിയതിനുശേഷം, പസിലുകളുടെ പരസ്പര സ്‌നേഹം പങ്കുവെക്കുകയും ഒരു ഗണിത ഗെയിമില്‍ തോല്‍പ്പിക്കുകയും ചെയ്തതോടെയാണ് മെലിന്‍ഡ ബില്‍ഗേറ്റ്‌സിന്റെ ഹൃദയം കവര്‍ന്നത്.

കഴിഞ്ഞ വര്‍ഷം ബില്‍ ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചിരുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഇത്. 2000വരെ മൈക്രോസോഫ്റ്റ് സിഇഒ പദവിയിലിരുന്ന അദ്ദേഹം ക്രമേണ കമ്പനിയിലെ തന്റെ പങ്കാളിത്തം കുറച്ചുകൊണ്ടുവരികയായിരുന്നു. 1975ലാണ് പോള്‍ അലനൊപ്പം ബില്‍ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്. 2014വരെ ബോര്‍ഡ് ചെയര്‍മാനായി ബില്‍ ഗേറ്റ്‌സ് തുടര്‍ന്നിരുന്നു.

Other News in this category4malayalees Recommends