തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ മാറി സംസ്‌കരിച്ചു ; പരാതിയില്‍ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ മാറി സംസ്‌കരിച്ചു ; പരാതിയില്‍ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ മാറി സംസ്‌കരിച്ചു.നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ (47) മൃതദേഹമാണ് വെള്ളായണി പാപ്പന്‍ചാണി കുന്നത്തുവിള വീട്ടില്‍ മണികണ്ഠന്റേ(48)തെന്ന് കരുതി സംസ്‌കരിച്ചത്.

സംഭവത്തെത്തുടര്‍ന്ന് താല്ക്കാലിക സുരക്ഷാ ജീവനക്കാരന്‍ മോഹനന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തു.എന്നാല്‍ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ നടപടിയില്ല.

ശ്വാസതടസ്സത്തെത്തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് ആശുപത്രിയിലെത്തിച്ച പ്രസാദ് വഴിമധ്യേ മരിച്ചിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.

ഞായറാഴ്ച വൈകിട്ട് പ്രസാദിന്റ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളും പൊലീസും എത്തി. ഇതേസമയം മണികണ്ഠന്റെ ബന്ധുക്കളും മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു.തുടര്‍ന്ന് മോഹനന്‍ നായര്‍ മൃതദേഹം മാറി നല്‍കുകയായിരുന്നു. മൃതദേഹം മാറിയത് തിരിച്ചറിഞ്ഞ പ്രസാദിന്റെ ബന്ധുക്കള്‍ മണികണ്ഠന്റെ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴേക്കും മൃതദേഹം സംസ്‌കരിച്ചു കഴിഞ്ഞിരുന്നു.

അതേസമയം മണികണ്ഠന്റെ മൃതദേഹം തന്നെയാണ് കൊണ്ടുപോയതെന്നാണ് മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയ ബന്ധു പറയുന്നത്.എന്നാല്‍ മണികണ്ഠന്റെ മൃതദേഹം മോര്‍ച്ചറിയില്‍ ഉണ്ടെന്നും ആശുപത്രി സൂപ്രണ്ടും മെഡിക്കല്‍ കോളജ് സിഐയും ഇത് പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്നും ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫീസര്‍ നാസറുദ്ദീന്‍ അറിയിച്ചു.

മൃതദേഹങ്ങള്‍ കൈമാറുമ്പോള്‍ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥന്റെ സാന്നിധ്യമുണ്ടാകണം എന്നാണ് നിയമം എങ്കിലും ഇത് പാലിക്കപ്പെടാറില്ല. മൃതദേഹങ്ങള്‍ മാറി നല്‍കിയ സംഭവം മുന്‍പും ഉണ്ടായിട്ടുള്ളതിനാല്‍ ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. പ്രസാദിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി.

Other News in this category4malayalees Recommends