സെപ്റ്റംബര്‍ 11 ഭീകരാക്രമണം ; സൗദി ഭരണകൂടത്തിന് പങ്കുള്ളതായി തെളിവില്ല ; രഹസ്യ രേഖ പുറത്തുവിട്ട് എഫ്ബിഐ

സെപ്റ്റംബര്‍ 11 ഭീകരാക്രമണം ; സൗദി ഭരണകൂടത്തിന് പങ്കുള്ളതായി തെളിവില്ല ; രഹസ്യ രേഖ പുറത്തുവിട്ട് എഫ്ബിഐ
സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ സൗദി ഭരണകൂടത്തിനു പങ്കില്ലെന്ന് അമേരിക്ക. യുഎസ് ഇന്റലിജന്‍സ് വിഭാഗമായ എഫ്ബിഐ പരസ്യമാക്കിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട രഹസ്യരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വിമാനം റാഞ്ചിയ സൗദി പൗരന്മാര്‍ക്ക് പിന്തുണ നല്‍കിയവരുമായി ബന്ധപ്പെട്ട 16 പേജുള്ള രഹസ്യരേഖയാണ് എഫ്ബിഐ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഭീകരാക്രമണത്തിനുള്ള ഗൂഢാലോചനയില്‍ സൗദി ഭരണകൂടം പങ്കാളിയാണെന്നതിനു തെളിവില്ലെന്ന് രേഖയില്‍ വ്യക്തമാക്കുന്നു. ആക്രമണത്തെക്കുറിച്ചുള്ള മുന്‍വിവരങ്ങള്‍ സൗദിവൃത്തങ്ങളില്‍ ആര്‍ക്കുമുണ്ടായിരുന്നില്ല. ആര്‍ക്കും സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള പങ്കുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

9/11 ഭീകരാക്രമണവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പുറത്തുവിടുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം പരസ്യമാക്കുന്ന ആദ്യത്തെ രഹസ്യരേഖയാണിത്. ഭീകരാക്രമണത്തിന്റെ ഇരകളുടെ കുടുംബങ്ങളുടെ കടുത്ത സമ്മര്‍ദത്തെതുടര്‍ന്നാണ് ഇവ പുറത്തുവിട്ടത്. ഭീകരാക്രമണക്കേസില്‍ നിര്‍ണായകമായ രേഖകള്‍ പുറത്തുവിടണമെന്നായിരുന്നു ആവശ്യം. സൗദിക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്നും ഇരകളുടെ കുടുംബങ്ങള്‍ ആരോപിച്ചിരുന്നു. ആക്രമണത്തില്‍ പങ്കാളികളായ 19ല്‍ 15 പേരും സൗദി പൗരന്മാരാണെന്നു സ്ഥിരീകരിച്ചതോടെയാണ് സൗദി ഭരണകൂടത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് ആരോപണമുയര്‍ന്നിരുന്നത്. എന്നാല്‍, തങ്ങള്‍ക്ക് സംഭവത്തില്‍ ഒരുതരത്തിലുമുള്ള പങ്കില്ലെന്ന് സൗദി ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. രഹസ്യരേഖകള്‍ പുറത്തുവിടുന്നതിന് അമേരിക്കയിലെ സൗദി എംബസി പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു. സൗദിക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇതുകൊണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എംബസി പറഞ്ഞു.

Other News in this category4malayalees Recommends