മോഫിയയോട് കയര്‍ത്തു സംസാരിച്ചു, ആത്മഹത്യ നീതി കിട്ടില്ലെന്ന മനോവിഷമത്തില്‍'; ആലുവ സിഐക്കെതിരെ എഫ്‌ഐആര്‍

മോഫിയയോട് കയര്‍ത്തു സംസാരിച്ചു, ആത്മഹത്യ നീതി കിട്ടില്ലെന്ന മനോവിഷമത്തില്‍'; ആലുവ സിഐക്കെതിരെ എഫ്‌ഐആര്‍
മോഫിയ പര്‍വീണിന്റെ മരണത്തില്‍ ആലുവ സിഐ സുധീറിനെതിരെ പൊലീസ് എഫ്‌ഐആര്‍. സിഐയുടെ മോശം പെരുമാറ്റമാണ് മോഫിയയുടെ മരണത്തിന് കാരണമെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്‌ഐആറിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.

മോഫിയ കേസില്‍ പരാതിയുമായി ബന്ധപ്പെട്ട് ഒത്ത് തീര്‍പ്പിനായി ഇരു കൂട്ടരെയും ആലുവ പൊലീസ് സ്റ്റേഷനിലേക്ക് സിഐ വിളിച്ച് വരുത്തുകയായിരുന്നെന്നും എന്നാല്‍ ഇവിടെ വച്ച് മോഫിയ ഭര്‍ത്താവ് സുഹൈലിന്റെ കരണത്തടിച്ചതോടെ സിഐ മോഫിയയോട് കയര്‍ത്ത് സംസാരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് ശേഷം വീട്ടിലെത്തിയ മോഫിയ ഒരിക്കലും നീതി കിട്ടില്ലെന്ന മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭര്‍തൃപീഡനത്തിന് പരാതി നല്‍കാന്‍ എത്തിയ തന്നോട് സിഐ മോശമായി പെരുമാറിയെന്ന് മോഫിയ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു. ഇതിന് പിന്നാലെ സുധീറിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. എന്നാല്‍ സിഐക്ക് വീഴ്ച പറ്റിയെന്ന ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരികയും, സിഐക്കെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ സുധീറിനെ സസ്‌പെന്റ് ചെയ്തിരുന്നു.

മോഫിയയുടെ പരാതിയില്‍ സിഐ സുധീര്‍ കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. പരാതി ലഭിച്ച് 25 ദിവസം കഴിഞ്ഞ് ആത്മഹത്യയ്ക്ക് ശേഷമാണ് പൊലീസ് കേസെടുത്തതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.Other News in this category4malayalees Recommends