സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും ബഹ്‌റൈന്‍ മന്ത്രി നൂര്‍ അല്‍ ദിയാര്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും ബഹ്‌റൈന്‍ മന്ത്രി നൂര്‍ അല്‍ ദിയാര്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു
മനാമ: ബഹ്‌റൈനില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അല്‍ നു ഐമി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദിയാറുല്‍ മുഹറഖില്‍ നൂര്‍ അല്‍ ദിയാര്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

73 സ്‌കൂളുകളാണ് സ്വകാര്യ മേഖലയിലുള്ളത്. വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതില്‍ ഈ സ്ഥാപനങ്ങളുടെ പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ സ്‌കൂളുകളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും മന്ത്രാലയം എല്ലാ സഹായവും നല്‍കും.
സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നത് സന്തോഷകരമാണ്. വിദ്യാഭ്യാസ രംഗത്ത് നിക്ഷേപം നടത്തുന്നതിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്. വിവിധ മത്സര പരീക്ഷകളിലും പരിപാടികളിലും സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ക്ക് ഒരുപോലെ പരിഗണന നല്‍കാറുണ്ടെന്നും മന്ത്രി പറഞ്ഞു.

ലോകോത്തര നിലവാരം പുലര്‍ത്തുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ പുതിയ സ്‌കൂളില്‍ ഒന്നാം തരം മുതല്‍ 'എ' ലെവല്‍ വരെയുള്ള ക്ലാസുകളാണുള്ളത്. ബ്രിട്ടീഷ് കരിക്കുലമാണ് ഇവിടെ പിന്തുടരുന്നതെന്നും കുട്ടികളുടെ സര്‍വതോന്‍മുഖ വളര്‍ച്ച ഉറപ്പാക്കും വിധമാണ് പാഠ്യപദ്ധതികള്‍ ക്രമീകരിച്ചതെന്നും ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ കോഴിക്കോടു സ്വദേശി അലി ഹസന്‍ പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍, ഡയറക്ടര്‍മാരായ ഡോ.മുഹമ്മദ് മശ്ഹൂദ്, സമീറ അലി ഹസന്‍, ഷംസ് അലി ഹസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Other News in this category4malayalees Recommends