അമ്മ കുളിമുറിയില്‍ കുഴഞ്ഞുവീണു;ആശുപത്രിയില്‍ പോകാന്‍ സമ്മതിച്ചില്ല,താനാണ് ഡോക്ടറെ വിളിച്ചത്-ശശികല;ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ശശികലയുടെ വെളിപ്പെടുത്തല്‍

അമ്മ കുളിമുറിയില്‍ കുഴഞ്ഞുവീണു;ആശുപത്രിയില്‍ പോകാന്‍ സമ്മതിച്ചില്ല,താനാണ് ഡോക്ടറെ വിളിച്ചത്-ശശികല;ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ശശികലയുടെ വെളിപ്പെടുത്തല്‍
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ പലതുണ്ടായിരുന്നു. ജയലളിതയുടേത് സ്വാഭാവിക മരണമല്ലെന്നത് മുതല്‍ കൊലപാതകമാണ് എന്ന് വരെയുള്ള വ്യാഖ്യാനങ്ങളുണ്ടായി. ജയലളിതയുടെ മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്ത് കൊണ്ടുവരുന്നതിന് ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം നടത്തുന്നുണ്ട്.

അമ്മയുടെ മരണത്തില്‍ തോഴി ശശികല പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് എ അറുമുഖ സ്വാമി കമ്മീഷന് മുന്നിലാണ് ശശികലയുടെ വെളിപ്പെടുത്തല്‍. സെപ്റ്റംബര്‍ 22ന് പോയസ് ഗാര്‍ഡന്‍ എന്ന വീട്ടിലെ ഒന്നാം നിലയിലെ കുളിമുറിയില്‍ ജയലളിത കുഴഞ്ഞ് വീഴുകയായിരുന്നു. വീണ ജയലളിത തന്നെ സഹായത്തിന് വിളിച്ചു. എന്നാല്‍ ആശുപത്രിയില്‍ പോകാനോ ഡോക്ടര്‍മാരെ വിളിക്കാനോ ജയലളിത കൂട്ടാക്കിയില്ലെന്ന് ശശികല വെളിപ്പെടുത്തി. ജയലളിത പോയതിന് ശേഷം താന്‍ ഡോക്ടര്‍മാരെ വിളിക്കുകയും ആംബുലന്‍സ് വിളിച്ച് വരുത്തുകയുമായിരുന്നുവെന്നും ശശികല ജസ്റ്റിസ് എ അറുമുഖ സ്വാമി കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.


2016 സെപ്റ്റംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജ്ജലീകരണവുമായിരുന്നു കാരണം.75 ദിവസങ്ങള്‍ ജയലളിത ആശുപത്രിയില്‍ കഴിഞ്ഞു. തമിഴ്നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും വിഫലമാക്കി ഡിസംബര്‍ 5ന് രാത്രി ജയലളിത അന്തരിച്ചു. എന്നാല്‍ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ പല കോണുകളില്‍ നിന്നായി ഉയര്‍ന്നു വന്നു. അത്തരം കഥകളിലെല്ലാം പ്രതിസ്ഥാനത്ത് ജയലളിതയുടെ തോഴിയായ ശശികലയും മന്നാര്‍ഗുഡി മാഫിയ എന്നറിയപ്പെടുന്ന കുടുംബവും ആയിരുന്നു. ഇതേത്തുടര്‍ന്നാണ് പനീര്‍ശെല്‍വം സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

2014ലെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത കുറ്റക്കാരിയെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. ഈ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ജയലളിത അസ്വസ്ഥയായിരുന്നുവെന്നും സമ്മര്‍ദ്ദം ആരോഗ്യത്തെ ബാധിച്ചിരുന്നുവെന്നും ശശികല മൊഴി നല്‍കി.


അസുഖബാധിതയായ അപ്പോളോയില്‍ കഴിയവെ പകര്‍ത്തിയ ജയലളിതയുടെ നാല് വീഡിയോകളും ശശികല ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് ജയലളിതയുടെ അറിവോടും സമ്മതത്തോടും കൂടിയാണെന്നും ശശികല വെളിപ്പെടുത്തി. ശശികലയുടെ ബന്ധു കൂടിയായ ഡോക്ടര്‍ കെഎസ് ശിവകുമാര്‍ ആണ് ജയലളിതയെ ചികിത്സിച്ചത്. മുതിര്‍ന്ന അണ്ണാ ഡിഎംകെ നേതാക്കളായ ഒ പനീര്‍ശെല്‍വം, എം തമ്പിദുരൈ എന്നിവര്‍ അടക്കമുള്ളവര്‍ അപ്പോളോ ആശുപത്രിയിലെത്തി ജയലളിതയെ കണ്ടിരുന്നുവെന്നും ശശികല മൊഴി നല്‍കി.Other News in this category4malayalees Recommends