ഡൊണാള്‍ഡ് ട്രംപും കിം ജോന്‍ഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വേദികളെക്കുറിച്ചുള്ള ചര്‍ച്ച തിരുതകൃതി; ഷാന്‍ഗ്രി-ലാ ഹോട്ടല്‍,മരിയാന ബേ സാന്‍ഡ്‌സ് റിസോര്‍ട്ട് എന്നിവയിലേതെങ്കിലുമൊന്നായേക്കാം; സിംഗപ്പൂരില്‍ എങ്ങും കനത്ത സുരക്ഷ

ഡൊണാള്‍ഡ് ട്രംപും കിം ജോന്‍ഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വേദികളെക്കുറിച്ചുള്ള ചര്‍ച്ച തിരുതകൃതി; ഷാന്‍ഗ്രി-ലാ ഹോട്ടല്‍,മരിയാന ബേ സാന്‍ഡ്‌സ് റിസോര്‍ട്ട് എന്നിവയിലേതെങ്കിലുമൊന്നായേക്കാം; സിംഗപ്പൂരില്‍ എങ്ങും കനത്ത സുരക്ഷ
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോന്‍ഗ് ഉന്നും തമ്മില്‍ ജൂണ്‍ 12ന് സിംഗപ്പൂരില്‍ വച്ച് നടത്തുന്ന നിര്‍ണായക കൂടിക്കാഴ്ചയുടെ വേദി ഏതായിരിക്കുമെന്ന ഊഹാപോഹങ്ങള്‍ ശക്തമായി. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ വിവിധ മാധ്യമങ്ങളില്‍ ശക്തമാണെങ്കിലും വേദി ഏതാണെന്ന് ഔദ്യോഗികമായി ഇതു വരെ പ്രഖ്യാപിയ്ക്കപ്പെട്ടിട്ടില്ല. എന്നാല്‍ ചര്‍ച്ചയുടെ ദിവസവും അതിന് തൊട്ടടുത്ത ദിവസങ്ങളിലും ഷാന്‍ഗ്രി-ലാ ഹോട്ടല്‍,മരിയാന ബേ സാന്‍ഡ്‌സ് റിസോര്‍ട്ട് എന്നിവവിടങ്ങളിലെ മുറികളെല്ലാം ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ച അരങ്ങേറാന്‍ സാധ്യതയുള്ള രണ്ട് പ്രധാനപ്പെട്ട ലോക്കേഷനുകളാണിവ. ഇതിനിടെ സിംഗപ്പൂരില്‍ കടുത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സമ്മിറ്റ് പ്രഖ്യാപിച്ച ശേഷം തങ്ങളുടെ റിസര്‍വേഷനുകളും വര്‍ധിച്ചിരിക്കുന്നുവെന്നാണ് മറ്റ് ഹോട്ടലുകളും പറയുന്നത്. ഒരു സുരക്ഷിതത്വം നിറഞ്ഞ സ്ഥലമെന്ന നിലയിലാണ് സിംഗപ്പൂരിനെ ചര്‍ച്ചക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. യുഎസുമായി സിംഗപ്പൂരിന് അടുത്ത ബന്ധമുണ്ട്. കൂടാതെ യുഎസിന്റെ പ്രധാനപ്പെട്ട വ്യാപാര-നിക്ഷേപ പങ്കാളിയുമാണ് സിംഗപ്പൂര്‍. ഇതിന് പുറമെ 1975 മുതല്‍ ഉത്തരകൊറിയയുമായി സിംഗപ്പൂരിന് നയതന്ത്രബന്ധങ്ങളുണ്ട്.ഷാന്‍ഗ്രി-ലാ ഹോട്ടലിനെ ഈ തന്ത്രപ്രധാനായ ചര്‍ച്ചക്ക് ഏറ്റവും അനുയോജ്യമായ ഇടമായാണ് വിലയിരുത്തപ്പെടുന്നത്. 747 മുറികളുള്ള ഈ ഹോട്ടലില്‍ ഇതിന് മുമ്പും നിരവധി ഹൈ-സെക്യൂരിറ്റി ഇവന്റുകള്‍ അരങ്ങേറിയിരുന്നു.

2015ല്‍ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിന്‍ഗും തായ് വാനീസ് പ്രസിഡന്റ് മാ യിന്‍ഗ്-ജിഔയും തമ്മില്‍ ഇവിടെ ചരിത്രപ്രസിദ്ധമായ ചര്‍ച്ച നടത്തിയിരുന്നു.ഇരു രാജ്യങ്ങളും 1949ല്‍ പിളര്‍ന്നതിന് ശേഷം ഇരുപക്ഷത്തെയും നേതാക്കള്‍ ആദ്യമായി നടത്തിയ കൂടിക്കാഴ്ചയുമായിരുന്നു ഇത്. സിംഗപ്പൂരിന്റെ സാമ്പത്തിക ജില്ലയിലാണ് വേഗാസ്-സ്റ്റൈലിലുള്ള മരിന ബേ സാന്‍ഡ്‌സ് ഹോട്ടല്‍ നിലകൊള്ളുന്നത്. 2561 മുറികളുള്ള ത്രീ-ടവര്‍ ഹോട്ടലാണിത്. 2011ലാണിത് തുറന്നിരിക്കുന്നത്.

Other News in this category4malayalees Recommends