ബ്രെക്‌സിറ്റിനെ നോക്കുകുത്തിയാക്കുന്നതില്‍ പ്രതിഷേധിച്ച് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സനും രാജി വച്ചു; ബ്രെക്‌സിറ്റ് സെക്രട്ടറിയുടെ രാജിയുടെ ഷോക്കില്‍ നിന്നും മുക്തയാകുന്നതിന് മുമ്പ് തെരേസക്ക് അടുത്ത അടി; ജെറമി ഹണ്ട് പുതിയ ഫോറിന്‍ സെക്രട്ടറി

ബ്രെക്‌സിറ്റിനെ നോക്കുകുത്തിയാക്കുന്നതില്‍ പ്രതിഷേധിച്ച് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സനും രാജി വച്ചു; ബ്രെക്‌സിറ്റ് സെക്രട്ടറിയുടെ രാജിയുടെ ഷോക്കില്‍ നിന്നും മുക്തയാകുന്നതിന് മുമ്പ് തെരേസക്ക് അടുത്ത അടി; ജെറമി ഹണ്ട് പുതിയ ഫോറിന്‍ സെക്രട്ടറി
ബ്രെക്‌സിറ്റ് വിഷയത്തില്‍ ടോറി പാര്‍ട്ടിയിലും ഗവണ്‍മെന്റിലുമുണ്ടായ അന്തച്ഛിദ്രം കാരണം തെരേസ മേയ് സര്‍ക്കാരിലെ അതികായനും ബ്രെക്‌സിറ്റ് ക്യാമ്പിന്റെ ഉന്നത നേതാവുമായ ബോറിസ് ജോണ്‍സന്‍ ഫോറിന്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വച്ചു. ബ്രെക്‌സിറ്റിനോടുള്ള തെരേസയുടെ മൃദുസമീപനത്തില്‍ പ്രതിഷേധിച്ചാണ് ബോറിസിന്റെ പടിയിറക്കം. ഞായറാഴ്ച ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് ഇതേ വിഷയം ഉയര്‍ത്തിക്കാട്ടി രാജി വച്ചതിന്റെ ഞെട്ടലില്‍ നിന്നും കരകയറുന്നതിന് മുമ്പാണ് രണ്ടാമത്തെ ആഘാതം തെരേസയ്ക്ക് ലഭിച്ചിരിക്കുന്നത് .

ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്ത് നിന്നും ജെറമി ഹണ്ടിനെ മാറ്റി പുതിയ ഫോറിന്‍ സെക്രട്ടറിയായി പ്രതിഷ്ഠിച്ച് തെരേസ മുഖം രക്ഷിച്ചെങ്കിലും പാര്‍ട്ടിയിലെയും കാബിനറ്റിലെയും പടലപ്പിണക്കങ്ങള്‍ സൃഷ്ടിച്ച കാറ്റിലും കോളിലും തെരേസ സര്‍ക്കാര്‍ ആടിയുലയുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഇനിയുള്ള കാലത്ത് യൂറോപ്യന്‍ യൂണിയനുമായി യുകെക്ക് ഏത് തരത്തിലുള്ള ബന്ധമാണ് ഉണ്ടാകേണ്ടതെന്നതിനെ കുറിച്ച് തെരേസ ആസൂത്രണം ചെയ്ത് തേഡ് പ്ലാനിനെ വെള്ളിയാഴ്ച ചെക്കേര്‍സില്‍ വച്ച് ചേര്‍ന്ന കാബിനറ്റ് യോഗം കൈയടിച്ച് പാസാക്കിയിരുന്നു.

ബോറിസിന്റെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു ഇത് പാസാക്കിയത് ആ പ്രശ്‌നം വഷളായതിന്റെ മൂര്‍ധന്യത്തിലാണ് ബോറിസ് രാജി വച്ചിരിക്കുന്നത്. യൂണിയനുമായുള്ള വിലപേശലില്‍ പ്രധാനമന്ത്രി യൂറോപ്യന്‍ നേതാക്കള്‍ക്ക് മുന്നില്‍ കവാത്ത് മറക്കുന്ന സമീപനമാണ് കാഴ്ച വയ്ക്കുന്നതെന്നും ഇതിലൂടെ ബ്രെക്‌സിറ്റ് തന്നെ അട്ടിമറിക്കപ്പെടുമെന്നുമാണ് ബോറിസ് തന്റെ രാജി യുടെ കാരണമായി സൂചിപ്പിച്ചിരിക്കുന്നത്. ഇനിയുള്ള കാലത്ത് ബ്രസല്‍സുമായി ഉണ്ടാക്കുന്ന ബന്ധങ്ങളെക്കുറിച്ചും നടത്താവുന്ന വിലപേശലുകളെ കുറിച്ചും കാബിനറ്റ് കളക്ടീവ് പൊസിഷനിലെത്തിയെന്നാണ് വെള്ളിയാഴ്ച പ്രധാനമന്ത്രി വെളിപ്പെടുത്തിയിരുന്നത്.

പുതിയ സാഹചര്യത്തില്‍ കള്‍ച്ചര്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനെ ഹെല്‍ത്ത് സെക്രട്ടറിയായും അറ്റോര്‍ണി ജനറല്‍ ജെറമി റൈറ്റിനെ പുതിയ കള്‍ച്ചര്‍ സെക്രട്ടറിയായും തെരേസ അവരോധിച്ചിരുന്നു. ബ്രെക്‌സിറ്ററായ ജിയോഫ്‌റെ കോക്‌സിനെ അറ്റോര്‍ണി ജനറലിന്റെ സ്ഥാനത്താണിരുത്തിയിരിക്കുന്നത്. ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിസ് രാജി വച്ച ഒഴിവില്‍ ബ്രെക്‌സിറ്ററും ടോറി എംപിയുമായ ഡൊമിനിക്ക് റാബിനെയാണ് നിയമിച്ചത്.അതിനിടെ പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ വോട്ടെടുപ്പ് കൊണ്ടു വരാന്‍ ടോറി ബാക്ക് ബെഞ്ച് ഗ്രൂപ്പുകാരായ എംപിമാരും പടയൊരുക്കം തുടങ്ങിയിട്ടുണ്ട്.
Other News in this category4malayalees Recommends