17 ദിവസത്തെ ആശങ്കകള്‍ക്കൊടുവില്‍ തായ് ഗുഹയില്‍ കുടുങ്ങിയ 13 പേരെയും രക്ഷപ്പെടുത്തി ; ലോകത്തിന്റെ സല്യൂട്ട് ഈ ദൗത്യ സംഘത്തിന്...

17 ദിവസത്തെ ആശങ്കകള്‍ക്കൊടുവില്‍ തായ് ഗുഹയില്‍ കുടുങ്ങിയ 13 പേരെയും രക്ഷപ്പെടുത്തി ; ലോകത്തിന്റെ സല്യൂട്ട് ഈ ദൗത്യ സംഘത്തിന്...
ലോകത്തിന്റെ പ്രാര്‍ത്ഥന ഒടുവില്‍ ഫലം കണ്ടു. 17 ദിവസത്തിന് ശേഷം തായ് ഗുഹയില്‍ കുടുങ്ങിയവര്‍ രക്ഷപ്പെട്ടു. മഴയെ അവഗണിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതോടെയാണ് ഇന്നു വൈകിട്ടോടെ എല്ലാവരെയും പുറത്തെിത്തിക്കാന്‍ സാധിച്ചത്.ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ എട്ടു പേരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പുറത്തെത്തിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെതന്നെ മുങ്ങല്‍വിദഗ്ധരടങ്ങുന്ന സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മൂന്നാം ദിവസത്തെ അനുകൂല കാലാവസ്ഥ പരാമാവധി മുതലാക്കാനാണ് രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചത്.

എല്ലാ കുട്ടികളുടെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചു. കുട്ടികളുടെ മാനസികനിലയും തൃപ്തികരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവര്‍ക്ക് രക്തപരിശോധന നടത്തിയിരുന്നു. ഇതില്‍ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ക്ക് ചികിത്സ നല്‍കി. എട്ടുപേരുടെയും എക്‌സറേ പരിശോധിച്ചിട്ടുണ്ട്. കുട്ടികള്‍ ഒരാഴ്ച നിരീക്ഷണത്തില്‍ തുടരും.

കഴിഞ്ഞ ദിവസം ആറുമണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലായിരുന്നു നാലു കുട്ടികളെ പുറത്തെത്തിച്ചത്. 13 വിദേശ മുങ്ങല്‍ വിദഗ്ധരും അഞ്ച് തായ് മുങ്ങല്‍ വിദഗ്ധരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉള്‍പ്പെട്ടിട്ടുള്ളത്. രക്ഷപ്പെട്ട് പുറത്തെത്തിയ കുട്ടികള്‍ ആരോഗ്യവാന്മാരാണെങ്കിലും ഇവരെ കാണാന്‍ മാതാപിതാക്കളെ ഇതുവരെ അനുവദിച്ചിട്ടില്ല. മെഡിക്കല്‍ പരിശോധനാഫലം വരുന്നതു വരെ കാത്തിരിക്കേണ്ടതുണ്ട്. ഇന്നു രാത്രിയോടെ മാതാപിതാക്കള്‍ക്കു നാലു പേരെയും കാണാനാകുമെന്നാണു കരുതുന്നത്. എന്നാല്‍ അണുബാധയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികളെ സ്പര്‍ശിക്കാന്‍ ബന്ധുക്കളെ അനുവദിക്കില്ല.

ജൂണ്‍ 23നാണ് 16 വയസില്‍ താഴെയുള്ളവരുടെ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്. ഞായറാഴ്ചയാണ് അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യ ശ്രമത്തില്‍ നാല് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. 13 വിദേശ സ്‌കൂബാ ഡൈവിങ് വിദഗ്ധരും അഞ്ച് തായ്‌ലാന്‍ഡ് നാവികസേനാംഗങ്ങളുമടക്കമുള്ള 18 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Other News in this category4malayalees Recommends