ബിഷപിനെതിരായ പീഡന കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം ; സഹോദരന് വാഗ്ദാനം ചെയ്തത് 5 കോടി

ബിഷപിനെതിരായ പീഡന കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം ; സഹോദരന് വാഗ്ദാനം ചെയ്തത് 5 കോടി
ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസ് ഒതുക്കിത്തീര്‍ക്കാന്‍ ബിഷപ്പിന്റെ ദൂതന്‍മാര്‍ രംഗത്ത്. കേസ് പിന്‍വലിക്കാന്‍ കന്യാസ്ത്രീയുടെ സഹോദരനു വാഗ്ദാനം ചെയ്തത് അഞ്ചുകോടി രൂപ. പരാതിക്കാരിയായ കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവിയിലേക്ക് ഉയര്‍ത്താമെന്നാണു മറ്റൊരു വാഗ്ദാനം. ബിഷപ്പിന്റെ സഹോദരനും രണ്ടു ധ്യാനഗുരുക്കളുമാണു വാഗ്ദാനങ്ങളുമായി കന്യാസ്തീയുടെ സഹോദരനെ സമീപിച്ചത്. ഇദ്ദേഹം നെല്ല് വില്‍ക്കുന്ന കാലടിയിലെ ഒരു മില്ലുടമയാണു മധ്യസ്ഥന്‍. കഴിഞ്ഞ 13നാണ് മില്ലുടമ കന്യാസ്ത്രീയുടെ സഹോദരനെ സമീപിച്ചത്.

ബിഷപ് ഫ്രാങ്കോയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണത്തെപ്പറ്റി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നേരത്തേ അറിയാമായിരുന്നു എന്നതിന്റെ തെളിവുകളും പുറത്തുവന്നു. ഫ്രാങ്കോയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടായിരുന്ന സിസ്റ്റര്‍ നീന റോസാണ് ആലഞ്ചേരിക്കു പരാതി നല്‍കിയത്. സിസ്റ്റര്‍ നീനയുടെ ബന്ധുവായ വൈദികനുമായി ചേര്‍ന്ന് ഉജ്ജയിന്‍ ബിഷപ് സെബാസ്റ്റിയന്‍ വടക്കേല്‍ മുഖേനയാണു പരാതിയുമായി കര്‍ദിനാളിനെ സമീപിച്ചത്. ഫ്രാങ്കോയ്‌ക്കെതിരേ പരാതി നല്‍കാന്‍ കന്യാസ്ത്രീ കര്‍ദിനാളിന്റെ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് ഉജ്ജയിന്‍ ബിഷപ് മുഖേന കഴിഞ്ഞ നവംബര്‍ 17നു നീനയും മറ്റൊരു സിസ്റ്ററായ അനുപമയുടെ പിതാവും ചേര്‍ന്നു കര്‍ദിനാളിനു നേരിട്ടു പരാതി നല്‍കിയത്. അതിന്മേലും നടപടിയുണ്ടായില്ല.

ഇന്ന് എറണാകുളത്തെത്തുന്ന കര്‍ദിനാളിന്റെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം അനുമതി തേടിയിട്ടുണ്ട്.ബിഷപ്പിനെ അറസ്റ്റ് ചെയ്യാനായി സംഘം ജലന്ധറിലേക്കും പുറപ്പെടാനൊരുങ്ങുകയാണ് .

Other News in this category4malayalees Recommends