ചിക്കാഗോ സെന്റ് മേരീസില്‍ ചാരിറ്റി ഫണ്ട് കൈമാറി

ചിക്കാഗോ സെന്റ് മേരീസില്‍ ചാരിറ്റി ഫണ്ട് കൈമാറി

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ഇടവകയില്‍ കഴിഞ്ഞ നോമ്പു കാലയളവില്‍ സമാഹരിച്ച ചാരിറ്റി ഫണ്ട് സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറാല്‍ സിസ്റ്റര്‍ സൗമ്യക്ക് കൈമാറി. അംഗവൈകല്യ പരിരക്ഷാ കേന്ദ്രം, വയോജന മന്ദിരം, ബുദ്ധിമാന്ദ്യ പരിരക്ഷാ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന സിസ്റ്റര്‍ സൗമ്യ അമേരിക്കന്‍ സന്ദര്‍ശനാര്‍ത്ഥം ഷിക്കാഗോയില്‍ എത്തിയ വേളയിലാണ് ഫണ്ട് കൈമാറല്‍ ചടങ്ങിന് വേദിയൊരുക്കിയത്.


ജൂലൈ 29 ഞായറാഴ്ച രാവിലെ 10 മണിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച വി.ബലിക്ക് ശേഷം കൂടിയ യോഗത്തില്‍ വച്ച് ഇടവക വികാരി വെരി. റവ.ഫാ.തോമസ് മുളവനാല്‍ ചെക്ക് സിസ്റ്ററിന് കൈമാറി. അകമഴിഞ്ഞ സംഭാവനകളുമായി ഇടവകാംഗങ്ങള്‍, വിന്‍സന്റ് ഡിപോള്‍ സൊസൈറ്റി, യുവജന ഗ്രൂപ്പ് അംഗങ്ങള്‍, ഈ വര്‍ഷത്തെ ആദ്യ കുര്‍ബാന സ്വീകരണ ഗ്രൂപ്പിലെ കുട്ടികള്‍, തുടങ്ങി നിരവധി പേരുടെ സഹകരണം ഈ ചാരിറ്റി ഫണ്ട് സമാഹരണത്തിന് ഏറെ സഹായകമായി.

ചടങ്ങിന്റെ സമാപനത്തില്‍ സിസ്റ്റര്‍ സൗമ്യ നടത്തിയ മറുപടിപ്രസംഗത്തില്‍ തന്നെ ഏല്‍പ്പിച്ച തുക മുഴുവനും കോട്ടയം ഗാന്ധിനഗറില്‍ സ്ഥിതിചെയ്യുന്ന കാന്‍സര്‍ ബാധിതരെയും എയ്ഡ്‌സ് രോഗികളെയും ശുശ്രൂഷിക്കുന്ന സെന്റ് ജോസഫ് ഹോസ്പീസ് സ്ഥാപനത്തിലേക്കും, കൈപ്പുഴ, കിടങ്ങൂര്‍ ചെറ്റപ്പാലം തുടങ്ങിയ സ്ഥലങ്ങളിലുളള അംഗവൈകല്യ പരിരക്ഷ കേന്ദ്രത്തിലേക്കും; നീഴൂര്‍,ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലുള്ള ബുദ്ധിമാന്ദ്യപരിരക്ഷ കേന്ദ്രങ്ങളിലേക്കും,ഫണ്ട് കൈമാറുമെന്ന് അറിയിച്ചു. ഇടവക ജനങ്ങളുടെ ഔദാര്യ മനസ്സിനും സ്‌നേഹപൂര്‍വമായ സ്വീകരണത്തിനും സിസ്റ്റര്‍ നന്ദി പറഞ്ഞു. ചര്‍ച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അന്ന് നടന്ന ചടങ്ങിനു വേണ്ട ക്രമീകരണവും നേതൃത്വവും നല്‍കി. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.


Other News in this category4malayalees Recommends