ബോള്‍ട്ടനിലെ മലയാളി കസിന്‍ ബ്രദേര്‍സ് വിയന്നയില്‍ മുങ്ങി മരിച്ച സംഭവം; ഭൗതികദേഹങ്ങള്‍ ശനിയാഴ്ച മാഞ്ചസ്റ്ററിലെത്തും; ഞായറാഴ്ച ഉറ്റവര്‍ക്കായി അന്ത്യ ദര്‍ശനം; ദേഹം മുങ്ങിത്താണ ജാസനെ രക്ഷിക്കാന്‍ ജോയല്‍ ശ്രമിച്ചപ്പോള്‍ ഇരുവരും മരണക്കയത്തിലായി

ബോള്‍ട്ടനിലെ മലയാളി കസിന്‍ ബ്രദേര്‍സ് വിയന്നയില്‍ മുങ്ങി മരിച്ച സംഭവം; ഭൗതികദേഹങ്ങള്‍ ശനിയാഴ്ച മാഞ്ചസ്റ്ററിലെത്തും; ഞായറാഴ്ച ഉറ്റവര്‍ക്കായി അന്ത്യ ദര്‍ശനം; ദേഹം മുങ്ങിത്താണ ജാസനെ രക്ഷിക്കാന്‍ ജോയല്‍ ശ്രമിച്ചപ്പോള്‍ ഇരുവരും മരണക്കയത്തിലായി
ഓസ്ട്രിയയിലെ വിയന്നയില്‍ ഹോളിഡേ ട്രിപ്പിനിടെ ഡാന്യൂബില്‍ മുങ്ങിമരിച്ച ബോള്‍ട്ടനിലെ മലയാളി കസിന്‍ബ്രദേസ് ജോയലിന്റെയും (19) ജാസന്റെയും (15) കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. സ്പീഡ് ബോട്ടിംഗിനിടെ ദേഹം തണുപ്പിക്കാനായി നദിയിലിറങ്ങി നീന്തിയ ജാസന്‍ പായലില്‍ കാല്‍ കുടുങ്ങിയതിനെ തുടര്‍ന്ന് വെള്ളത്തില്‍ താണു പോവുകയും തുടര്‍ന്ന് ജാസനെ രക്ഷിക്കാനായി ജോയല്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇരുവരും മരണക്കയത്തിലേക്ക് താണ് പോവുകയായിരുന്നുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. രണ്ടു പേരുടെയും ഭൗതിക ദേഹങ്ങള്‍ ശനിയാഴ്ച മാഞ്ചസ്റ്ററിലെത്തിക്കുകയും തുടര്‍ന്ന് പിറ്റേന്ന് ഉറ്റവര്‍ക്കും ഉടയവര്‍ക്കുമായി ഇവ അന്ത്യദര്‍ശനത്തി വയ്ക്കുകയും ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ഓള്‍ഡ് ഡാന്യൂബിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രത്തിനോട് ചേര്‍ന്നുള്ള ഡാന്യൂബ് ഭാഗത്താണിവരുടെ ജീവന്‍ പൊലിഞ്ഞിരിക്കുന്നത്. വിയന്നയിലെ അടുത്ത കുടുംബക്കാരെ കാണാനും വിനോദസഞ്ചാരം നടത്താനുമായിരുന്നു ഈ കസിന്‍ ബ്രദേര്‍സ് കുടുംബസമേതം ഓസ്ട്രിയയിലെത്തിയിരുന്നത്. ഈ വരുന്ന ഞായറാഴ്ച യുകെയിലേക്ക് തിരിച്ച് വരാന്‍ ഒരുങ്ങവേയാണ് ഇവര്‍ ദുരന്തത്തിലകപ്പെട്ടത് .ശനിയാഴ്ച ഇരുവരുടെയും മൃതദേഹങ്ങള്‍ മാഞ്ചസ്റ്ററില്‍ കൊണ്ടു വന്നതിന് ശേഷം ഇരുവര്‍ക്കും സംയുക്തമായി ഒരു മാസ് അന്ന് രാവിലെ പത്ത് മണിക്ക് ഫാം വര്‍ത്തിലെ പ്ലോഡെര്‍ ലെയ്നിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്സ് ചര്‍ച്ചില്‍ വച്ച് നടത്തുന്നതാണ്.

തുടര്‍ന്ന് പിറ്റേ ദിവസം പൊതുദര്‍ശനത്തിന് ശേഷം ഹീറ്റന്‍ സെമിത്തേരിയില്‍ അവരുടെ സംസ്‌കാര ചടങ്ങുകളുമുണ്ടാകും. പ്രിയപ്പെട്ട ജോയലിനെയും ജാസനെയും അവസാനമായി ഒരു നോക്ക് കാണാന്‍ ഇന്ത്യ, അബുദാബി, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുമുളള ബന്ധുക്കളെത്തുമെന്നാണ് പ്രതീക്ഷ.വെള്ളത്തില്‍ മുങ്ങിത്താഴുന്ന ജാസനെ കൈപിടിച്ച് കയറ്റാന്‍ ജോയല്‍ ശ്രമിക്കുകയും തല്‍ഫലമായി രണ്ട് പേരും നദിയുടെ ചുഴിയുള്ള ഭാഗത്ത് താഴ്ന്ന് പോയി ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. തങ്ങള്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍ നിന്നും വെറും പത്ത് ഫീറ്റ് ദൂരത്തില്‍ വച്ചാണിവരെ മരണം തട്ടിയെടുത്തത്.

ഇവര്‍ മുങ്ങിപ്പോയതിനെ തുടര്‍ന്ന് ദി ഓസ്ട്രിയന്‍ എമര്‍ജന്‍സി സര്‍വീസുകള്‍ വെള്ളത്തിലേക്ക് കുതിച്ച് ചാടിയിരുന്നു. തല്‍ഫലമായി ജാസന്റെ മൃതദേഹം രണ്ട് മണിക്കൂറിന് ശേഷവും ജോയലിന്റെ മൃതദേഹം മൂന്നര മണിക്കൂറിന് ശേഷവും വീണ്ടെടുക്കാന്‍ പോലീസ് ഡൈവര്‍മാര്‍ക്ക് സാധിച്ചു.ജോയല്‍ ബുറി കോളജിലെ പഠനത്തിനൊപ്പം ഒരു ഐടി സ്ഥാപനത്തില്‍ രണ്ടാം വര്‍ഷം അപ്രന്റിസ് ആയി ജോലി ചെയ്യുന്നുമുണ്ടായിരുന്നു. ജാസനാകട്ടെ ഒരു ഫുട്ബോളറായി തിളങ്ങി വരുന്ന വിദ്യാര്‍ത്ഥിയായിരുന്നു. സമ്മര്‍ ഹോളിഡേയ്ക്ക് ശേഷം സെന്റ് ജെയിംസ് സ്‌കൂളില്‍ ഇയര്‍ 11ന് ചേരാനൊരുങ്ങുന്നതിനിടെയാണ് ജാസനെ മരണം തട്ടിയെടുത്തിരിക്കുന്നത്. ബോള്‍ട്ടനിലെ റോയല്‍ ഹോസ്പിറ്റലിലെ നഴ്സ് സഹോദരിമാരായ സൂസന്റെയും സുബിയുടെയും മക്കളാണിവര്‍. ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍ കുഞ്ഞും റാന്നി സ്വദേശിയായ ഷിബുവുമാണ് യഥാക്രമം ജോയലിന്റെയും ജാസന്റെയും പിതാക്കന്‍മാര്‍.

Other News in this category4malayalees Recommends