അമൃത അമ്മയോട് ഫോണില്‍ സംസാരിച്ചത് പിതാവിന് കൊലപാതകം ആസൂത്രണം ചെയ്യാന്‍ സഹായമായി ; ദുരഭിമാന കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അമൃത അമ്മയോട് ഫോണില്‍ സംസാരിച്ചത് പിതാവിന് കൊലപാതകം ആസൂത്രണം ചെയ്യാന്‍ സഹായമായി ; ദുരഭിമാന കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തെലങ്കാനയിലെ നാല്‍ഗൊണ്ടയില്‍ നടന്ന ദുരഭിമാനക്കൊലപാതകത്തില്‍ അച്ഛന്റെ പങ്ക് വീണ്ടും വ്യക്തമാകുന്നു. വിവാഹത്തിന് ശേഷം അമ്മയോട് മാത്രം ബന്ധം പുലര്‍ത്തിയിരുന്ന അമൃത ഈ സമയത്ത് ഇവരുമായി നടത്തിയ ഫോണ്‍ കോളുകളാണ് അമൃതയുടെ പിതാവ് മാരുതി റാവുവിന് കൊലപാതകത്തിനുള്ള ആസൂത്രണം നടത്താന്‍ സഹായകമായത്. വിട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായ സമയത്ത് ബന്ധമുണ്ടായിരുന്നില്ലെങ്കിലും അമൃത ഗര്‍ഭിണിയായതോടെയാണ് അമ്മ മകളുമായി വീണ്ടും ബന്ധം തുടര്‍ന്നത്.

കൃത്യമായി ഭക്ഷണം കഴിക്കണമെന്നും റെസ്‌റ്റെടുക്കണമെന്നും അമൃതയ്ക്ക് അമ്മ ഫോണിലൂടെ വിളിക്കുമ്പോഴെല്ലാം നിര്‍ദ്ദേശം നല്‍കിയിരുന്നു. മകളും ഭാര്യയും തമ്മില്‍ ഇപ്പോഴും ബന്ധമുണ്ടെന്ന് അറിയുമായിരുന്നെങ്കിലും മാരുതി റാവു ഇതിന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. മാത്രവുമല്ല, ഇവരെ കുറിച്ച് ഭാര്യയോട് അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ അന്വേഷണം കൊലക്കത്തിയിലേക്കാണ് കാര്യങ്ങള്‍ നയിക്കുന്നതെന്ന് അമൃതയ്ക്കും അമ്മയ്ക്കും കൊലപാതകം നടന്നതിന് ശേഷമാണ് വ്യക്തമായത്.

കൊല്ലപ്പെടുന്നതിന്റെ തലേദിവസം അമൃത അമ്മയ്ക്ക് വിളിക്കുകയും നാളെ ജ്യോതി ആശുപത്രിയില്‍ പോകുമെന്ന് പറയുകയും ചെയ്തിരുന്നു. ഇക്കാര്യം അമ്മ അച്ഛനോട് പറയുകയും അച്ഛന്‍ കൊലപാതകം നടത്തിയവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. മാസങ്ങളോളം ഗൂഢാലോചന നടത്തിയതിന് ശേഷമാണ് കൊലപാതം നടന്നതെന്നാണ് പൊലീസ് ഇക്കാര്യത്തില്‍ പറയുന്നത്.

കേസില്‍ അഞ്ച് മുഖ്യപ്രതികളാണുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പലതവണ ഒരുമിച്ച് കൂടി പ്രണയിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തി. ഒരു കോടി രൂപയ്ക്കാണ് ഇവര്‍ പ്രണിയിനെ കൊല്ലാന്‍ ക്വട്ടേഷനെടുത്തതെന്നും പൊലീസ് വ്യക്തമാക്കി. 16 ലക്ഷം രൂപ അഡ്വാന്‍സായി ആദ്യം നല്‍കി. കൃത്യത്തിന് ശേഷം ബാക്കിതുക എന്നായിരുന്നു കരാര്‍.

Other News in this category4malayalees Recommends