യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇടപെട്ട് തന്റെ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ചൈന ശ്രമിക്കുന്നുവെന്ന് ട്രംപിന്റെ ആരോപണം; വ്യാപാരത്തില്‍ താന്‍ പുലര്‍ത്തുന്ന കടുത്ത സമീപനത്താല്‍ ചൈനയ്ക്ക് തന്നെ കണ്ട് കൂടെന്ന് യുഎസ് പ്രസിഡന്റ്; യുഎസ്-ചൈന വിരോധം രൂക്ഷം

യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇടപെട്ട് തന്റെ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ചൈന ശ്രമിക്കുന്നുവെന്ന് ട്രംപിന്റെ ആരോപണം; വ്യാപാരത്തില്‍ താന്‍ പുലര്‍ത്തുന്ന കടുത്ത സമീപനത്താല്‍ ചൈനയ്ക്ക് തന്നെ കണ്ട് കൂടെന്ന് യുഎസ് പ്രസിഡന്റ്; യുഎസ്-ചൈന വിരോധം രൂക്ഷം
അമേരിക്കയില്‍ അടുത്ത് തന്നെ വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ തന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ചൈന ആവുന്ന ശ്രമമെല്ലാം നടത്തുന്നുവെന്നാരോപിച്ച് അമേരിക്കന്‍ പ്രസിഡന്‍ര് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ചൈനയോട് താന്‍ കടുത്ത വ്യാപാര യുദ്ധം തുടരുന്നതിനാല്‍ തന്റെ തോല്‍വി ചൈന അത്യന്തം ആഗ്രഹിക്കുന്നുവെന്നും ട്രംപ് ആരോപിക്കുന്നു. ഈ വര്‍ഷം നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ തന്റെ ഭരണകൂടത്തിനെതിരായി ജനവികാരം തിരിച്ച് വിടാന്‍ ചൈന നിയമവിരുദ്ധമായി ഇടപെടുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു.

യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഒരു സെഷനില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ട്രംപ് ഈ ആരോപണം പരസ്യമായി ഉന്നയിച്ചിരിക്കുന്നത്. താന്‍ ഇനിയും വിജയിക്കുന്നത് ചൈനക്ക് ഇഷ്ടമില്ലെന്നും കാരണം ചൈനയെ വ്യാപാരത്തിന്റെ കാര്യത്തില്‍ തന്നോളം വെല്ലുവിളിച്ച ഒരു ചൈനീസ് പ്രസിഡന്റില്ലെന്നും ട്രംപ് എടുത്ത് കാട്ടുന്നു. യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ ചൈന എത്തരത്തിലാണ് ഇടപെടുന്നതെന്ന് വിശദീകരിക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല.

ബീജിംഗിനും വാഷിംഗ്ടണും മധ്യേ വ്യാപാരയുദ്ധം മുമ്പില്ലാത്ത വിധത്തില്‍ കൊടുമ്പിരിക്കൊള്ളുന്ന വേളയിലാണ് ചൈനക്കെതിരെ കടുത്ത ആരോപണവുമായി ട്രംപ് മുന്നോട്ട് വന്നിരിക്കുന്നതെന്നത് നിര്‍ണായകമാണ്. ചൈനയില്‍ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന 200 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന വസ്തുക്കള്‍ക്ക് മേല്‍ ട്രംപ് ഈ ആഴ്ചയാണ് പുതിയ താരിഫുകള്‍ ചുമത്തി പ്രതികാരം തീര്‍ത്തിരിക്കുന്നത്. ചൈന തങ്ങളുടെ ഭാഗമെന്ന് അവകാശപ്പെടുന്ന സ്വയംഭരണ ദ്വീപായ തായ് വാന് ഒരു ബാച്ച് മിലിട്ടറി പാര്‍ട്‌സുകള്‍ വില്‍ക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഈ ആഴ്ച ആദ്യം തന്നെ ട്രംപ് ചൈനയുടെ വെറുപ്പ് പിടിച്ച് പറ്റിയിരുന്നു.

തായ് വാന്‍ തങ്ങളുടെ പ്രവിശ്യയാണെന്നും ഇതിനെ അടുത്ത് തന്നെ ചൈനയോട് കൂട്ടിച്ചേര്‍ക്കാന്‍ ഒരുങ്ങുകയാണെന്നും അങ്ങനെയിരിക്കെ തായ് വാന് യുഎസുമായി പരിധി വിട്ടുണ്ടാകുന്ന ബന്ധത്തില്‍ തങ്ങള്‍ക്ക് ആശങ്കയേറെയുണ്ടെന്നും ചൈന പ്രതികരിച്ചിരുന്നു.

Other News in this category4malayalees Recommends