യുഎഇയില്‍ ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് പരിഗണനയില്‍

യുഎഇയില്‍ ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് പരിഗണനയില്‍
ഡ്രൈവിങ് ടെസ്റ്റ് ഏകീകരിച്ച് ലൈസന്‍സ് ലഭിക്കാന്‍ എല്ലാ എമിറേറ്റുകളിലും പൊതു മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ ആലോചന. നിലവില്‍ രാജ്യത്ത് ഏഴു എമിറേറ്റുകളിലും ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ വ്യത്യസ്ത മാനദണ്ഡങ്ങളും പരീക്ഷയുമാണ്.

ഈ രീതി മാറ്റി ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഒരു ഏകീകൃതസംവിധാനം നിര്‍മിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഖാന്റൂട്ടില്‍ നടക്കുന്ന സെര്‍ക്കോ മിഡില്‍ ഈസ്റ്റിന്റെ വാര്‍ഷിക റോഡ് സുരക്ഷാസമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു. ഇതിനായി ആഭ്യന്തര മന്ത്രാലയം ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഡ്രൈവര്‍ ട്രെയിനിങ്ങ് ആന്‍ഡ് ക്വാളിഫിക്കേഷന്‍വിഭാഗം ആക്ടിങ് ഡയറക്ടര്‍ ഹിന്ദ് അല്‍ മുഹൈരി പറഞ്ഞു.

വിവിധ എമിറേറ്റുകളുടെ ചട്ടങ്ങളില്‍ നിന്ന് മികച്ചവ കണ്ടെത്തി ഡ്രൈവിങ് പരീക്ഷ ഏകീകരിക്കുകയാണ് ലക്ഷ്യം. ഓരോ എമിറേറ്റിലും ഡ്രൈവിങ് പഠിപ്പിക്കുമ്പോള്‍ തിയറി ക്ലാസുകള്‍ തൊട്ടു തുടങ്ങുന്ന വ്യത്യാസം, ക്ലാസുകളുടെ എണ്ണത്തിന്റെ കാര്യത്തിലും പഠനരീതിയിലുമെല്ലാം പ്രകടമാണ്. മാത്രമല്ല രാജ്യത്തെത്തുന്ന പ്രവാസികള്‍ മിക്കവരും അവരവരുടെ രാജ്യത്ത് ഡ്രൈവിങ് പഠനം പൂര്‍ത്തിയാക്കി ലൈസന്‍സ് നേടിയവരുമാണ്.

യു.എ.ഇ.യിലെ റോഡുകളും, വാഹനങ്ങളും, ഡ്രൈവിങ്‌രീതിയും വ്യത്യസ്തമായതിനാല്‍ പ്രവാസികള്‍ക്ക് തീകച്ചും വിഭിന്നമായ ഡ്രൈവിങ് അനുഭവമാണ് ഇവിടെ ലഭിക്കുക. അതുകൊണ്ട്തന്നെ മികച്ച പരിശീലനം വളരെ അത്യാവശ്യമാണ്. ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടെസ്റ്റ് ഇല്ലാതെ തന്നെ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്ന രീതിയും നിര്‍ത്തലാക്കുമെന്ന് ഹിന്ദ് അല്‍ മുഹൈരി പറഞ്ഞു

Other News in this category4malayalees Recommends