മീ ടൂ ക്യാംപെയ്‌നില്‍ പുകഞ്ഞ് ബോളിവുഡ്: പ്രശസ്ത സംവിധായകന്റെ ചിത്രത്തില്‍ നിന്നും ആമിര്‍ ഖാന്‍ പിന്മാറി, ലൈംഗികാതിക്രമങ്ങളെ അപലപിക്കുന്നുവെന്നും ആരോപണവിധേയര്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആമിര്‍

മീ ടൂ ക്യാംപെയ്‌നില്‍ പുകഞ്ഞ് ബോളിവുഡ്: പ്രശസ്ത സംവിധായകന്റെ ചിത്രത്തില്‍ നിന്നും ആമിര്‍ ഖാന്‍ പിന്മാറി,  ലൈംഗികാതിക്രമങ്ങളെ അപലപിക്കുന്നുവെന്നും ആരോപണവിധേയര്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആമിര്‍
മീ ടു ക്യാംപെയ്‌നില്‍ പുകയുകയാണ് ബോളിവുഡ് ലോകം. ക്യാംപെയിനിനെ പിന്തുണ പ്രഖ്യാപിച്ച് താരങ്ങളെല്ലാം എത്തിയ സമയത്തായിരുന്നു ആമിര്‍ ഖാനും എത്തിയിരുന്നത്. തനുശ്രി ദത്തയ്ക്ക് ആമിര്‍ പിന്തുണ നല്‍കിയിരുന്നു. ഇപ്പോഴിതാ ആമിര്‍ ഖാന്‍ തന്റെ പുതിയ ചിത്രത്തില്‍ നിന്നും പിന്മാറി. പുതിയ ചിത്രത്തിന്റെ സംവിധായകന്‍ സുഭാഷ് കപൂര്‍ ലൈംഗികാരോപണത്തില്‍പ്പെട്ട സമയത്താണ് ആമിര്‍ സുപ്രധാന തീരുമാനം എടുത്തത്.

അണിയറയില്‍ ഒരുങ്ങുന്ന മൊഗുള്‍ എന്ന ചിത്രത്തില്‍ നിന്നുമാണ് നടന്‍ പിന്മാറിയിരിക്കുന്നത്. സുഭാഷ് കപൂറിനെതിരെ നേരത്തെ നടി ഗീതിക ത്യാഗി ആയിരുന്നു ലൈംഗിക പീഡനത്തിന് പരാതി നല്‍കിയിരുന്നത്. മൊഗുള്‍ എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളായിരുന്നു ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും. ലൈംഗികാതിക്രമങ്ങളെ അപലപിക്കുന്നുവെന്നും ആരോപണവിധേയര്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആമിറും കിരണും പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. തങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോ കോടതിയോ അല്ലെന്നും പരാതി നിയമവഴിയില്‍ നീങ്ങുന്ന സാഹചര്യത്തില്‍ കുറ്റം തെളിയുന്നത് വരെ സിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണെന്നും ഇവര്‍ പറഞ്ഞു,

ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന മീടു ക്യാംപെയിന്‍ ബോളിവുഡിന് ആത്മപരിശോധനയ്ക്കുളള അവസരമാണെന്നും സിനിമാ ലോകത്തെ സുരക്ഷിതവും സന്തോഷപ്രദവുമായ ഇടമാക്കി തീര്‍ക്കാന്‍ ആര്‍ട്ടിസ്റ്റുകള്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ആമിര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സംഗീതഞ്ജന്‍ ഗുല്‍ഷന്‍ കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി സുഭാഷ് കപൂര്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു മൊഗുള്‍. ചിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ടതിനാലായിരുന്നു നിര്‍മ്മാണ പങ്കാളിയാവാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ആമിര്‍ എത്തിയിരുന്നത്. എന്നാല്‍ സുഭാഷ് കപൂര്‍ ആരോപണ വിധേയനായതോടെ നടന്‍ തീരുമാനം മാറ്റുകയായിരുന്നു.

അതേസമയം ബോളിവുഡില്‍ മീടു വെളിപ്പെടുത്തലുകള്‍ കത്തികയറുകയാണ്. തനുശ്രീക്ക് പിന്നാലെ കങ്കണ റാവത്ത്,സണ്ണി ലിയോണ്‍,ചിന്മയി തുടങ്ങിയവരായിരുന്നു നേരത്തെ തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നത്. നടിമാരെ അനുകൂലിച്ചും പ്രതികൂലിച്ചും നേരത്തെ നിരവധി പേരായിരുന്നു രംഗത്തെത്തിയിരുന്നത്. ചിലര്‍ പബ്ലിസിറ്റിക്ക് വേണ്ടിയാണ് നടിമാര്‍ ഇങ്ങനെ ചെയ്യുന്നത് പറഞ്ഞെങ്കിലും അവര്‍ക്കെല്ലാം മുഖത്തടിച്ച മറുപടിയായിരുന്നു താരങ്ങള്‍ നല്‍കിയിരുന്നത്.

Other News in this category4malayalees Recommends