മണ്ഡല കാലം ആരംഭിക്കുന്ന അടുത്ത മാസം ശബരിമലയിലെത്തും; യാത്രാ തീയതി വൈകാതെ അറിയിക്കുമെന്നും തൃപ്തി ദേശായി

മണ്ഡല കാലം ആരംഭിക്കുന്ന അടുത്ത മാസം ശബരിമലയിലെത്തും; യാത്രാ തീയതി വൈകാതെ അറിയിക്കുമെന്നും തൃപ്തി ദേശായി
ഭൂമാതാ ബ്രിഗേഡ് നേതാവും വനിത അവകാശ പ്രവര്‍ത്തകയുമായ തൃപ്തി ദേശായി അടുത്ത മാസം ശബരിമലയിലെത്തും. സുപ്രീംകോടതി വിധി വന്ന ശേഷം ഉടന്‍ ശബരിമലയിലേക്ക് വരുമെന്നായിരുന്നു തൃപ്തി ദേശായി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അടുത്തമാസം 17ന് മണ്ഡലകാലം ആരംഭിച്ചശേഷം ശബരിമലയില്‍ എത്താനാണ് തൃപ്തി ദേശായിയുടെ പുതിയ തീരുമാനം. യാത്രയ്ക്കായി തെരഞ്ഞെടുക്കുന്ന തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടുത്ത ആഴ്ച പുനെയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കാനാണു നീക്കം.

സന്ദര്‍ശന തീരുമാനം പുനഃപരിശോധിക്കില്ലെന്നും ഒരുസംഘം യുവതികള്‍ക്കൊപ്പം താനും മലചവിട്ടുമെന്നും അവര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധിയുള്ളതിനാല്‍ മലചവിട്ടുന്നതിനു തടസ്സമില്ലെന്നും അതിനെ തടയുന്ന പ്രതിഷേധത്തോടു യോജിക്കാനാകില്ലെന്നും തൃപ്തി ദേശായി പറഞ്ഞു.

നേരത്തെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചയ്ക്ക് തൃപ്തി ദേശായി ശ്രമിച്ചിരുന്നു. എന്നാല്‍ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഷിര്‍ദി ക്ഷേത്രസന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഷിര്‍ദി ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്‌നഗര്‍ എസ്.പിക്ക് ഇവര്‍ കത്തയച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചില്ലെങ്കില്‍ അദ്ദേഹത്തെ വഴിയില്‍ തടയുമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

Other News in this category4malayalees Recommends