യുഎസിലെ മിഡ് ടേം ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥികളായി ഒരു ഡസനോളം ഇന്ത്യന്‍-അമേരിക്കക്കാര്‍; യുഎസിലെ ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ഇന്ത്യന്‍-അമേരിക്കക്കാര്‍ അധികാര സ്ഥാനങ്ങളിലെത്താന്‍ വളരെ താല്‍പര്യമുള്ളവര്‍

യുഎസിലെ മിഡ് ടേം ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥികളായി ഒരു ഡസനോളം ഇന്ത്യന്‍-അമേരിക്കക്കാര്‍; യുഎസിലെ ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ഇന്ത്യന്‍-അമേരിക്കക്കാര്‍ അധികാര സ്ഥാനങ്ങളിലെത്താന്‍ വളരെ താല്‍പര്യമുള്ളവര്‍
നാളെ നടക്കുന്ന യുഎസിലെ മിഡ് ടേം ഇലക്ഷനില്‍ ഏതാണ്ട് ഒരു ഡസനോളം ഇന്ത്യന്‍-അമേരിക്കക്കാര്‍ ശക്തരായ സ്ഥാനാര്‍ത്ഥികളായി രംഗത്തുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുഎസിനെ ലക്ഷ്യമിട്ട് ആയിരക്കണക്കിന് പേര്‍ പ്രവഹിക്കാന്‍ തുടങ്ങിയതോടെ കുടിയേറ്റ വിരുദ്ധത രാജ്യത്ത് മൂര്‍ധന്യത്തിലെത്തിയ അവസരത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

യുഎസിലെ ജനസംഖ്യയായ 32.57 കോടിയുടെ വെറും ഒരു ശതമാനം വരുന്ന ഇന്ത്യന്‍-അമേരിക്കക്കാരില്‍ നിന്നും നിരവധി യുവജനങ്ങളാണ് ഭരണത്തില്‍ നിര്‍ണായക സ്ഥാനത്തെത്തുകയെന്ന ആഗ്രഹത്തോടെ ഇപ്പോള്‍ ഇലക്ഷനില്‍ മത്സരിക്കുന്നത്. വളരെ ചെറിയ എത്‌നിക് സമൂഹത്തിന്റെ വര്‍ധിച്ച ആഗ്രഹങ്ങളും ഉയരാനുള്ള മോഹവുമാണ് ഇതിലൂടെ പ്രതിഫലിക്കപ്പെടുന്നതെന്നും വിലയിരുത്തലുണ്ട്. ഇത് വളരെ അവിശ്വസനീയമായ കാര്യമാണെന്നാണ് ഇന്ത്യയിലെ മുന്‍ യുഎസ് അംബാസിഡറായ റിച്ച് വെര്‍മ പിടിഐയോട് പ്രതികരിച്ചിരിക്കുന്നത്.

മിഡ്‌ടേം ഇലക്ഷനെ വളരെ നിര്‍ണായകമായിട്ടാണ് പരിഗണിച്ച് വരുന്നത്. ഇതിലൂടെ നിരവധി പുതിയ അംഗങ്ങള്‍ ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്ന് പ്രാവശ്യം കോണ്‍ഗ്രസിലെത്തിയ ഇന്ത്യന്‍ അമേരിക്കനായ അമി ബെറയാണ് കാലിഫോര്‍ണിയയിലെ ഏഴാം കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്ടില്‍ നിന്നും മത്സരിക്കുന്നത്. ഇതിന് പുറമെ കാലിഫോര്‍ണിയയിലെ 17ാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും മത്സരിക്കുന്ന റോ ഖന്ന, ഇല്ലിനോയിസിലെ എട്ടാം കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്ടില്‍ നിന്നും മത്സരിക്കുന് രാജ കൃഷ്ണമൂര്‍ത്തി, വാഷിംഗ്ടണ്‍ സ്‌റ്റേറ്റിലെ ഏഴാം കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്ടില്‍ നിന്നും മത്സരിക്കുന്ന പ്രമീള ജയപാല്‍ എന്നിവരും ഇന്ത്യന്‍ അമേരിക്കക്കാരാണ്.

ഇതിന് പുറമെ മറ്റ് ഏഴ് ഇന്ത്യന്‍ അമേരിക്കക്കാരും ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സിലേക്ക് ജനവിധി തേടുന്നുണ്ട്. ട്രംപിന്റെ നാലാം ടേമിനിടെയാണ് മിഡ് ടേം ഇലക്ഷന്‍ നടക്കുന്നത്. യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സിലേക്കും യുഎസ് സെനറ്റിലെ 100 സീറ്റിലെ 35ലും ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. സുപ്രസിദ്ധ ബിസിനസുകാരനും ഇന്ത്യന്‍ അമേരിക്കനുമായ ശിവ് അയ്യാദുരൈ സെനറ്റിലേക്ക് മത്സരിക്കുന്നുണ്ട്.

Other News in this category4malayalees Recommends