ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി ; ജനപ്രതിനിധി സഭയില്‍ പ്രതിപക്ഷം മേല്‍ക്കൈ നേടി

ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി ; ജനപ്രതിനിധി സഭയില്‍ പ്രതിപക്ഷം മേല്‍ക്കൈ നേടി
ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി. ജനപ്രതിനിധിസഭയില്‍ പ്രതിപക്ഷമായ ഡമോക്രാറ്റുകള്‍ മേല്‍ക്കൈ നേടിയപ്പോള്‍ സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മേധാവിത്വം പുലര്‍ത്തി. 435 അംഗ ജനപ്രതിനിധി സഭയില്‍ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരം പിടിച്ചെടുത്തു. സെനറ്റിലെ 35 സീറ്റുകളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മേധാവിത്വം നിലനിര്‍ത്തി. സെനറ്റില്‍ ഡെമോക്രാറ്റുകളില്‍നിന്ന് മൂന്ന് സീറ്റ് പിടിച്ചെടുക്കാനും ട്രംപിന്റെ പാര്‍ട്ടിക്ക് കഴിഞ്ഞു.

സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂല വിധിയെഴുത്തുണ്ടായപ്പോള്‍ ജനപ്രതിനിധിസഭയില്‍ പക്ഷേ, കനത്ത തിരിച്ചടിയാണ് ട്രംപിനും കൂട്ടര്‍ക്കും ഉണ്ടായിരിക്കുന്നത്. 435 അംഗ ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷത്തിന് 218 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 241ഉം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 194ഉം അംഗങ്ങളെയാണ് ലഭിച്ചത്.

എട്ട് വര്‍ഷത്തിനു ശേഷമാണ് ഡെമോക്രാറ്റുകള്‍ക്ക് ജനപ്രതിനിധിസഭയില്‍ നിയന്ത്രണം നേടിയെടുക്കാനായത്. നേരത്തെ, ഒബാമയുടെ ഭരണകാലത്താണ് ഡെമോക്രാറ്റുകള്‍ക്ക് ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടത്. സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കമുണ്ട്. സെനറ്റില്‍ ഡെമോക്രാറ്റുകള്‍ മുന്‍തൂക്കം നേടിയിരുന്നെങ്കില്‍ ട്രംപിന് ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടേണ്ടി വരുമായിരുന്നു.

അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി മുസ്ലിം വനിതകള്‍ ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും ഇത്തവണത്തെ പ്രത്യേകതയായി. മിഷിഗണില്‍നിന്ന് റാഷിദ താലിബ്, മിനസോട്ടയില്‍നിന്ന് ഇല്‍ഹാന്‍ ഒമര്‍ എന്നിരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളാണ്.

Other News in this category4malayalees Recommends