മകളുടെ കോളേജ് ഫീസടക്കാന്‍ പോയ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി, അന്വേഷണം ആരംഭിച്ചെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും സൂചനയൊന്നും ലഭിച്ചില്ല

മകളുടെ കോളേജ് ഫീസടക്കാന്‍ പോയ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി, അന്വേഷണം ആരംഭിച്ചെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും സൂചനയൊന്നും ലഭിച്ചില്ല
തിരുവനന്തപുരം: മകളുടെ കോളേജ് ഫീസടക്കാന്‍ പോയ വീട്ടമ്മയെ കാണാതായ സംഭവത്തില്‍ പോലീസിന് ഒരു തുമ്പും കിട്ടിയില്ല. പുനലൂര്‍ സ്വദേശി ബീനയെയാണ് നവംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ കാണാതായത്. അന്വേഷണം ഒരാഴ്ച പിന്നിട്ടിട്ടും വിവരമൊന്നും ലഭിച്ചിട്ടില്ല.

വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ബീന വീട്ടില്‍നിന്ന് സ്വന്തം സ്ഥാപനത്തിലേക്ക് പോയി. പിന്നീട് ഉച്ചയ്ക്ക് രണ്ടരമണിയോടെ ഇവിടെനിന്ന് മകളുടെ ഫീസടക്കാനുണ്ടെന്ന് പറഞ്ഞ് വട്ടപ്പാറയിലെ കോളേജിലേക്കെന്ന് പറഞ്ഞാണ് യാത്രതിരിച്ചത്. എന്നാല്‍ ഇതിനുശേഷം ബീനയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

പണമെടുക്കാന്‍ ബാങ്കിലേക്ക് പോകുമെന്ന് പറഞ്ഞെങ്കിലും വീട്ടമ്മ ബാങ്കിലും എത്തിയിരുന്നില്ല. ബീനയെക്കുറിച്ച് കോളേജില്‍ അന്വേഷണം നടത്തിയെങ്കിലും ഇവിടെയും വന്നിരുന്നില്ലെന്നാണ് കണ്ടെത്തിയത്. ഇതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വീട്ടമ്മയെ കാണാതായ സംഭവത്തില്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. സമീപപ്രദേശങ്ങളിലെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ഇതിനിടെ കൊട്ടാരക്കരയിലെ സി.സി.ടി.വിയില്‍നിന്ന് വീട്ടമ്മ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു.

കൊട്ടാരക്കരയില്‍വച്ച് ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും പോലീസ് കണ്ടെത്തി. എന്നാല്‍ ഇതിനുശേഷം എന്തുസംഭവിച്ചുവെന്നതില്‍ വ്യക്തതയില്ല. ബീനയ്ക്ക് കുടുംബപ്രശ്നങ്ങളോ ശത്രുക്കളോ ഇല്ലെന്ന് ബന്ധുക്കള്‍ മൊഴിനല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Other News in this category4malayalees Recommends