തന്റെ ആഗ്രഹം സാധിക്കാന്‍ ആ സൂപ്പര്‍താരം കാത്തിരുന്നത് ഒരു മണിക്കൂറാണ് ; വെളിപ്പെടുത്തി കലാഭവന്‍ ഷാജോണ്‍

തന്റെ ആഗ്രഹം സാധിക്കാന്‍ ആ സൂപ്പര്‍താരം കാത്തിരുന്നത് ഒരു മണിക്കൂറാണ് ; വെളിപ്പെടുത്തി കലാഭവന്‍ ഷാജോണ്‍
ഒട്ടേറെ കഥാപാത്രങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് കലാഭവന്‍ ഷാജോണ്‍. ഇപ്പോള്‍ അഭിനേതാവില്‍ നിന്നു മാറി സംവിധായകന്റെ വേഷമണിയുന്ന ഷാജോണ്‍ പൃഥ്വിരാജിനെ നായകനാക്കി ബ്രദേഴ്‌സ് ഡേ എന്ന ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ചെറുപ്പം മുതല്‍ അക്ഷയ് കുമാറിന്റെ കടുത്ത ആരാധകനായ ഷാജോണ്‍ അക്ഷയ് കുമാര്‍ രജനീകാന്ത് ചിത്രമായ 2.0 ലും വേഷമിടുന്നുണ്ട്. ഈ ചിത്രത്തിന്റെ സെറ്റില്‍ നടന്ന ഷാജോണിനെ ഞെട്ടിച്ച ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്.

'ചെറുപ്പം മുതല്‍ അക്ഷയ് കുമാറിന്റെ കടുത്ത ആരാധകനാണ് ഞാന്‍. ഷൂട്ടിങ്ങിന്റെ അവസാന ദിവസം അദ്ദേഹത്തിനൊപ്പം ഒരു സെല്‍ഫി എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അസോസിയേറ്റ്‌സില്‍ ഒരാളോട് ഞാനെന്റെ ആഗ്രഹം പറയുകയും ചെയ്തു. എന്നാല്‍ അവസാന ദിവസം, അദ്ദേഹത്തിന്റെ ഷൂട്ട് എനിക്ക് മുന്‍പേ കഴിഞ്ഞു. എന്റെ ക്ലോസപ്പ് ഷോട്ടുകള്‍ ആണെങ്കില്‍ അപ്പോഴും ബാക്കിയുണ്ട്. ഷൂട്ടിനിടയില്‍ പോയി സെല്‍ഫി എടുക്കുന്നത് ശരിയല്ലാത്തതു കൊണ്ട് സെല്‍ഫി മോഹം ഞാന്‍ ഉപേക്ഷിച്ചു. അദ്ദേഹത്തിന്റെ മേക്കപ്പ് ഹെവി ആയതുകൊണ്ട് പൂര്‍ണമായും നീക്കം ചെയ്യാന്‍ രണ്ടു മണിക്കൂറോളം എടുക്കുമായിരുന്നു. മൂന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അസോസിയേറ്റ്‌സ് വന്ന് അക്ഷയ് കുമാര്‍ കാരവനില്‍ താങ്കള്‍ക്കായി സെല്‍ഫി എടുക്കാന്‍ വെയിറ്റ് ചെയ്യുന്നു എന്ന് പറഞ്ഞു. ഞാനത് കേട്ട് ഞെട്ടിപ്പോയി. അദ്ദേഹത്തെപ്പോലെ ഒരു താരം ഒരു മണിക്കൂറോളം എന്റെ ആഗ്രഹം സാധിച്ചു തരാനായി നില്‍ക്കുക. എനിക്കു വിശ്വസിക്കാന്‍ പോലും പറ്റുമായിരുന്നില്ല. ഞാന്‍ അദ്ദേഹത്തിന്റെ കാരവാനില്‍ ഇരുന്ന് സെല്‍ഫി എടുത്തു. കുറേനേരം സംസാരിച്ചു'.കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

Other News in this category4malayalees Recommends