കുത്തിയത് ശിവരഞ്ജിത്ത് തന്നെയെന്ന് അഖില്‍ ചന്ദ്രന്റെ മൊഴി; എസ്എഫ്‌ഐയുടെ ധിക്കാരം അനുവദിക്കാത്തതിന്റെ വിരോധമെന്നും വെളിപ്പെടുത്തല്‍

കുത്തിയത് ശിവരഞ്ജിത്ത് തന്നെയെന്ന് അഖില്‍ ചന്ദ്രന്റെ മൊഴി;  എസ്എഫ്‌ഐയുടെ ധിക്കാരം അനുവദിക്കാത്തതിന്റെ വിരോധമെന്നും വെളിപ്പെടുത്തല്‍

തന്നെ കുത്തിയത് ശിവരഞ്ജിത്താണെന്ന് ചികില്‍സയിലിരിക്കുന്ന അഖില്‍ ചന്ദ്രന്റെ മൊഴി.കേസിലെ മറ്റൊരു പ്രതിയായ യൂണിറ്റ് സെക്രട്ടറി നസീം കുത്താനായി തന്നെ പിടിച്ചുവെച്ചുവെന്നും അഖില്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ആശുപത്രിയിലെത്തിയാണ് പൊലീസ് അഖിലിന്റെ മൊഴി രേഖപ്പെടുത്തിയത്. ക്യാമ്പസിലിരുന്ന് പാട്ട് പാടിയതാണ് പെട്ടെന്നുണ്ടായ പ്രകോപനമെന്നാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖില്‍ പൊലീസിന് മൊഴി നല്‍കിയത്. അച്ഛനോടും ഡോക്ടറോടും പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് അഖില്‍ പൊലീസിനോടും പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഖില്‍ ചന്ദ്രനെ സ്വന്തം സംഘടന നേതാക്കള്‍ കുത്തിയത്. വ്യാഴാഴ്ച കോളജ് കന്റീനില്‍ അഖില്‍ കൂട്ടുകാര്‍ക്കൊപ്പമിരുന്നു പാട്ടു പാടിയതിനെ എസ്എഫ്‌ഐ വനിതാ നേതാവ് ചോദ്യം ചെയ്തതില്‍ നിന്നാണു പ്രശ്‌നങ്ങളുടെ തുടക്കം. പാട്ടൊക്കെ വീട്ടില്‍ മതിയെന്നു പറഞ്ഞപ്പോള്‍ അഖിലും കൂട്ടുകാരും എതിര്‍ത്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് കുത്തേറ്റത്.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖില്‍ എല്ലാ കാര്യങ്ങളിലും വളരെ വ്യക്തമായ മൊഴിയാണ് നല്‍കിയിട്ടുള്ളതെന്നും ഇതനുസരിച്ച് കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കുത്തിയത് ശിവരഞ്ജിത്ത് തന്നെയെന്ന് അഖില്‍ നിര്‍ണ്ണായക മൊഴി നല്‍കിയതോടെ തെളിവെടുപ്പും കൂടുതല്‍ ചോദ്യം ചെയ്യലും അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.Other News in this category4malayalees Recommends