കശ്മീരുമായി ബന്ധപ്പെട്ട് പച്ചകള്ളം പ്രചരിപ്പിച്ച് പാക് മാധ്യമ പ്രവര്‍ത്തകന്‍ ; രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ സുരക്ഷാ സേനകള്‍

കശ്മീരുമായി ബന്ധപ്പെട്ട് പച്ചകള്ളം പ്രചരിപ്പിച്ച് പാക് മാധ്യമ പ്രവര്‍ത്തകന്‍ ; രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ സുരക്ഷാ സേനകള്‍

കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും പോലീസും തമ്മിലടിയാണെന്ന് ട്വീറ്റ് ചെയ്ത പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ സുരക്ഷസേനകള്‍. ദുഷ്ടലാക്കോടെയാണ് പ്രചാരണം എന്ന് തിരിച്ചടിച്ച ഇന്ത്യ, യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് പാക് മാധ്യമപ്രവര്‍ത്തകന്‍ പടച്ചുവിട്ടതെന്നും പ്രതികരിച്ചു. ഈ അക്കൗണ്ടിന് എതിരെ നടപടി എടുക്കാന്‍ ട്വിറ്ററിനോട് കശ്മീര്‍ പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ട്വിറ്റര്‍ വെരിഫൈഡ് ആയിട്ടുള്ള ഹാന്‍ഡിലില്‍ നിന്നാണ് പാക് മാധ്യമപ്രവര്‍ത്തകന്‍ വജാത് സയീദ് ഖാന്‍ ട്വീറ്റ് ചെയ്തത്.


'കശ്മീരില്‍ നിയോഗിച്ചുള്ള ഇന്ത്യന്‍ സുരക്ഷസേന ഉദ്യോഗസ്ഥര്‍ തമ്മില്‍ ഭിന്നതയുണ്ട്. മുസ്ലീം കശ്മീരിയായ ഒരു പോലീസുകാരന്‍ അഞ്ച് സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വെടിവെച്ച് കൊന്നു. കര്‍ഫ്യൂ മറികടക്കാനുള്ള അനുമതി ഇല്ലാതിരുന്ന ഒരു ഗര്‍ഭിണിയെ സൈനിക ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചതാണ് കൊലപാതകത്തിന് കാരണം. ഇതിന് ശേഷം ഇരു സേനകളും തമ്മില്‍ ഏറ്റുമുട്ടലിന് അടുത്താണ്' ഇതായിരുന്നു ട്വീറ്റില്‍ പറഞ്ഞിരുന്നത്. അധികം വൈകാതെ ട്വീറ്റ് വൈറലായി. സിആര്‍പിഎഫ് വിശദീകരണവുമായി എത്തുകയും ചെയ്തു. ഒരു അടിസ്ഥാനവുമില്ലാത്ത ട്വീറ്റ് ആണിത്. യൂണിഫോം നിറങ്ങള്‍ മാറിയാലും രാജ്യസ്‌നേഹവും ദേശീയ പതാകയുമാണ് ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ സിആര്‍പിഎഫ് മറുപടി നല്‍കി.

Other News in this category4malayalees Recommends