യുകെയില്‍ ഒക്ടോബര്‍ 17ന് പൊതു തെരഞ്ഞെടുപ്പ് നടത്തി ഭൂരിപക്ഷം നേടാന്‍ തന്ത്രം മെനഞ്ഞ് ബോറിസ്; കൂടുതല്‍ ശക്തി നേടി ബ്രസല്‍സിന് മേല്‍ സമ്മര്‍ദം ചെലുത്തി ഡീല്‍ നേടാന്‍ കച്ച മുറുക്കി പ്രധാനമന്ത്രി; അവിശ്വാസപ്രമേയത്തില്‍ തോറ്റ് കൊടുക്കാന്‍ ഉപദേശം

യുകെയില്‍ ഒക്ടോബര്‍ 17ന് പൊതു തെരഞ്ഞെടുപ്പ് നടത്തി ഭൂരിപക്ഷം നേടാന്‍ തന്ത്രം മെനഞ്ഞ് ബോറിസ്; കൂടുതല്‍ ശക്തി നേടി ബ്രസല്‍സിന് മേല്‍ സമ്മര്‍ദം ചെലുത്തി ഡീല്‍ നേടാന്‍ കച്ച മുറുക്കി പ്രധാനമന്ത്രി; അവിശ്വാസപ്രമേയത്തില്‍ തോറ്റ് കൊടുക്കാന്‍  ഉപദേശം

യുകെയില്‍ ഒക്ടോബര്‍ 17ന് പൊതുതെരഞ്ഞെടുപ്പ് നടത്തി ഭൂരിപക്ഷം നേടി കൂടുതല്‍ ശക്തനായി അധികാരത്തില്‍ തിരിച്ചെത്താന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ തന്ത്രം മെനയുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അടുത്ത മാസം ലേബര്‍ പാര്‍ട്ടി കോമണ്‍സില്‍ കൊണ്ടു വരുന്ന അവിശ്വാസ പ്രമേയത്തില്‍ സ്വമേധയാ തോറ്റ് കൊടുത്ത് തെരഞ്ഞെടുപ്പിനെ നേരിടാനാണ് അഡൈ്വര്‍മാര്‍ ബോറിസിന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും സൂചനയുണ്ട്.


ഇത്തരത്തില്‍ ജനപിന്തുണ വര്‍ധിപ്പിച്ച് ബ്രസല്‍സിന് മേല്‍ സമ്മര്‍ദം ചെലുത്തി നല്ലൊരു ബ്രെക്‌സിറ്റ് ഡീല്‍ നേടിയെടുക്കുകയെന്ന ലക്ഷ്യവും ബോറിസിന്റെ ഈ നീക്കത്തിന് പുറകിലുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിലൂടെ ബോറിസുമായി നല്ലൊരു വ്യാപാരക്കരാറിന് യൂറോപ്യന്‍ യൂണിയന്‍ വഴങ്ങിയേക്കുമെന്നും ബോറിസ് പാളയം വിശ്വസിക്കുന്നു.പക്ഷേ ഇത് ഇരുതലമൂര്‍ച്ചയുള്ള നീക്കമാണെന്നും അഥവാ തെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് തിരിച്ചടിയുണ്ടായാല്‍ അത് കോര്‍ബിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തിലെത്താനും അതിലൂടെ ബ്രെക്‌സിറ്റ് തന്നെ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇതിനെ എതിര്‍ക്കുന്നവര്‍ മുന്നറിയിപ്പേകുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ പുതിയ നയത്തിലൂടെ ലോസ് ടു വിന്‍ സ്ട്രാറ്റജിയാണ് ബോറിസ് പരീക്ഷിക്കാനൊരുങ്ങുന്നതെന്നും സൂചനയുണ്ട്. ഇപ്പോഴത്തെ നിര്‍ണായകമായ സാഹചര്യത്തില്‍ തിരക്കിട്ടൊരു ഇലക്ഷന്‍ നടത്തുകയെന്നതിലൂടെ നല്ല നേട്ടം കൈവരിക്കാന്‍ ബോറിസിന് സാധ്യതയേറെയാണെന്നാണ് നമ്പര്‍ പത്തിലെ അദ്ദേഹത്തിന്റെ അഡൈ്വസര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വേനല്‍ അവധി കഴിഞ്ഞ് എംപിമാര്‍ പാര്‍ലിമെന്റിലേക്ക് തിരിച്ചെത്തിയ ഉടന്‍ ബോറിസ് സര്‍ക്കാരിനെതിരെ ഒരു അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ ലേബര്‍ പാര്‍ട്ടി കോപ്പ് കൂട്ടുന്നതിനിടെയാണ് അതിനെ പരമാവധി പ്രയോജനപ്പെടുത്തി നേട്ടം കൊയ്യാന്‍ ബോറിസ് പാളയം തന്ത്രപരമായ നീക്കം നടത്തുന്നത്.

ഈ അവിശ്വാസപ്രമേയത്തില്‍ എങ്ങനെയെങ്കിലും അതിജീവിച്ച് സര്‍ക്കാരിനെ പിടിച്ച് നിര്‍ത്താനുള്ള തന്ത്രമായിരുന്നു ഈ അടുത്ത ദിവസം വരെ ബോറിസ് ക്യാമ്പ് നടത്തിയിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ അവിശ്വാസപ്രമേയത്തില്‍ തോറ്റ് കൊടുത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നതായിരിക്കും നല്ലതെന്നാണ് ബോറിസ് പക്ഷക്കാരുടെ പുതിയ മലക്കം മറിച്ചിലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ബ്രെക്‌സിറ്റ് അനിശ്ചിതത്വം കൊഴുക്കുന്ന ഇന്നത്തെ നിര്‍ണായകമായ സാഹചര്യത്തില്‍ ദിവസങ്ങള്‍ മാത്രം പ്രായമായ ബോറിസ് സര്‍ക്കാരിനെ അവിശ്വാസപ്രമേയത്തിലൂടെ അട്ടിമറിക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്നായിരുന്നു നമ്പര്‍ പത്ത് നേരത്തെ മുന്നറിയിപ്പേകിയിരുന്നത്.അതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് നിലവില്‍ ബോറിസും കൂട്ടരും എടുത്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.


Other News in this category4malayalees Recommends