അഴിമതി കേസില്‍ പി ചിദംബരത്തിനെതിരായ കുരുക്ക് മുറുകുന്നു ; 12 ഓളം രാജ്യങ്ങളില്‍ വിദേശ നിക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ട് ; തെളിവ് ഹാജരാക്കുമെന്ന് അധികൃതര്‍

അഴിമതി കേസില്‍ പി ചിദംബരത്തിനെതിരായ കുരുക്ക് മുറുകുന്നു ; 12 ഓളം രാജ്യങ്ങളില്‍ വിദേശ നിക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ട് ; തെളിവ് ഹാജരാക്കുമെന്ന് അധികൃതര്‍
അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ കുരുക്ക് മുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അഴിമതിയില്‍ ചിദംബരത്തിന്റെ പങ്ക് വ്യക്തമാക്കുന്ന സുപ്രധാന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ചിദംബരത്തിന്റെയും പങ്കാളികളുടെയും പേരില്‍ അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രിട്ടീഷ്, ഫ്രാന്‍സ്, ഗ്രീസ്, മലേഷ്യ, മൊണാകോ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, സൗത്ത് ആഫ്രിക്ക, സ്‌പെയ്ന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ബാങ്ക് അക്കൗണ്ടുകളും വിലപ്പെട്ട സ്വത്തുകളുമുണ്ടെന്നാണ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് നല്‍കിയ പ്രത്യേക വിവരം. പന്ത്രണ്ടോളം രാജ്യങ്ങളില്‍ വിദേശനിക്ഷേപമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചിദംബരം ഉള്‍പ്പെടെയുള്ള പ്രതികളുടെ വിവരങ്ങള്‍ സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിട്ടുണ്ട്. ഷെല്‍ കമ്പനികള്‍ രൂപീകരിച്ചാണ് പ്രതികള്‍ വിദേശനിക്ഷേപമോ സ്വത്തുക്കളോ ഉണ്ടാക്കിയിരിക്കുന്നത്. ചിദംബരം തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുന്നെന്ന ആരോപണവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉയര്‍ത്തുന്നുണ്ട്. അന്വേഷണം ആരംഭിച്ചപ്പോള്‍ത്തന്നെ ഷെല്‍ കമ്പനി ഡയറക്ടര്‍മാരെയും ഓഹരി ഘടനയും മാറ്റി. വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡില്‍ അനുമതിക്കായി ഇടപെട്ട രണ്ടുപേരെയും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്നു.

ഐ.എന്‍.എക്‌സ് മാക്‌സ് മീഡിയ അഴിമതി കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടതിനെ ചോദ്യം ചെയത് ചിദംബരം സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണന്ക്ക് വരും. നാല് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ ചിദംബരത്തെ ഇന്ന് പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരാക്കും. ഇ.ഡിയുടെ വാറണ്ടില്‍ ജാമ്യം വേണമെന്നാണ് ചിദംബരം ആവശ്യപ്പെടുന്നത്.

ഇമെയില്‍ തെളിവുകളടക്കം ചൂണ്ടിക്കാട്ടിയാവും എന്‍ഫോഴ്‌സ്‌മെന്റ് ചിദംബരത്തിന്റെ വാദങ്ങളെ നേരിടുക. മുദ്രവച്ച കവറില്‍ തെളിവുകള്‍ കൈമാറാന്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ശ്രമിച്ചിരുന്നു. എന്നാല്‍, എല്ലാം തിങ്കളാഴ്ച പരിഗണിക്കാം എന്നായിരുന്നു കോടതി നിലപാട്. ജസ്റ്റിസ്മാരായ ആര്‍ ഭാനുമതി, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. 15 പേജുള്ള പ്രത്യേക നോട്ടാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ കൈമാറുക.

Other News in this category4malayalees Recommends