ഏകാദശിയില്‍ വിക്ഷേപിച്ചതാണ് യുഎസിന്റെ ചന്ദ്രദൗത്യം വിജയിക്കാന്‍ കാരണമെന്ന് മുന്‍ ആര്‍എസ്എസ് നേതാവ്

ഏകാദശിയില്‍ വിക്ഷേപിച്ചതാണ് യുഎസിന്റെ ചന്ദ്രദൗത്യം വിജയിക്കാന്‍ കാരണമെന്ന് മുന്‍ ആര്‍എസ്എസ് നേതാവ്
അമേരിക്ക 39ാം ശ്രമത്തിലാണ് ചന്ദ്രദൗത്യം വിജയിപ്പിച്ചെടുത്തതെന്നും ഏകാദശിയില്‍ വിക്ഷേപണം നടത്തിയതാണ് അത് വിജയിക്കാന്‍ കാരണമായതെന്നും മുന്‍ ആര്‍എസ്എസ് നേതാവ് സംഭജി ഭിഡെ പറഞ്ഞു.

ഇന്ത്യയുടെ ചന്ദ്രയാന്‍ 2 പദ്ധതി പൂര്‍ണ വിജയത്തിലേക്കെത്താന്‍ സാധിക്കാത്തതിന് പിന്നാലെയായിരുന്നു പ്രതികരണം. 2018 ജനുവരിയില്‍ നടന്ന ഭീമ കൊറേഗാവ് അക്രമണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ശിവ് പ്രതിഷ്ഠന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ തലവനാണ് ഭിഡെ.

38 തവണ നേരത്തെ അമേരിക്ക ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആവര്‍ത്തിച്ചുള്ള പരാജയത്തെ തുടര്‍ന്ന് സമയം ഗണിച്ച് നോക്കിയുള്ള ഇന്ത്യന്‍ സംവിധാനം തിരഞ്ഞെടുക്കാമെന്ന് ഒരു അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ സമയ അളവെടുപ്പ് സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ള 39ാമത്തെ ശ്രമത്തില്‍ തങ്ങളുടെ ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് അയയ്ക്കുന്നതില്‍ അമേരിക്കക്കാര്‍ വിജയിച്ചു. എല്ലാവരേയും അമ്പരപ്പിക്കുന്നതായിരുന്നു അത്. ഏകാദശി ദിനത്തിലാണ് അവര്‍ 39ാം പേടകം വിക്ഷേപിച്ചതെന്നും ബിഡെ പറഞ്ഞു.

സോളാപുരില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

Other News in this category4malayalees Recommends