ബോറിസിന്റെ ബ്രെക്‌സിറ്റ് ഡീല്‍ യുകെയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍; ക്രമരഹിതമായ ബ്രെക്‌സിറ്റിലെ അപകടസാധ്യത ഇതില്ലാതാക്കും; എന്നാല്‍ തെരേസയുടെ ഡീലിന്റെയത്ര സാമ്പത്തിക മെച്ചമിതിനില്ലെന്ന് മാര്‍ക് കാര്‍നെ

ബോറിസിന്റെ ബ്രെക്‌സിറ്റ് ഡീല്‍ യുകെയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍; ക്രമരഹിതമായ ബ്രെക്‌സിറ്റിലെ അപകടസാധ്യത ഇതില്ലാതാക്കും; എന്നാല്‍ തെരേസയുടെ ഡീലിന്റെയത്ര സാമ്പത്തിക മെച്ചമിതിനില്ലെന്ന് മാര്‍ക് കാര്‍നെ
ബ്രെക്‌സിറ്റിനായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ തയ്യാറാക്കിയിരിക്കുന്ന പുതിയ ബ്രെക്‌സിറ്റ് ഡീല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഗുണകരമാണെന്ന് വെളിപ്പെടുത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായ മാര്‍ക് കാര്‍നെ രംഗത്തെത്തി. ഈ ഡീല്‍ നടപ്പിലായാല്‍ ക്രമരഹിതമായ ബ്രെക്‌സിറ്റിലെ അപകടസാധ്യതകളൊഴിവാകുമെന്നും കാര്‍നെ അഭിപ്രായപ്പെടുന്നു.

എന്നാല്‍ ബോറിസിന്റെ മുന്‍ഗാമിയും മുന്‍ പ്രധാനമന്ത്രിയുമായ തെരേസ മേയ് ബ്രെക്‌സിറ്റിനായി തയ്യാറാക്കിയിരുന്ന ഡീല്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്കുണ്ടാക്കുമായിരുന്ന ഗുണത്തിന്റെ അത്ര ഗുണം ബോറിസിന്റെ ഡീല്‍ കൊണ്ടുണ്ടാവില്ലെന്നും കാര്‍നെ മുന്നറിയിപ്പേകുന്നു. ഇന്ന് ബോറിസിന്റെ ഡീല്‍ പാസാക്കണമോ തള്ളണമോ എന്ന കാര്യത്തില്‍ കോമണ്‍സില്‍ നിര്‍ണായകമാ വോട്ടിംഗ് നടക്കുന്നതിന് തൊട്ട് മുമ്പെയാണ് കാര്‍നെ നിര്‍ണായകമായ അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ബ്രെക്‌സിറ്റിന് ശേഷം യുകെ യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കാന്‍ സാധ്യതയുള്ള വ്യത്യസ്തമായ ബന്ധങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണെന്നും അതിനാല്‍ ഏതെങ്കിലും തരത്തിലുള്ള ഡീല്‍ ഉണ്ടാകുന്നതിനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നുവെന്നും അത് യുകെയുടെ സമ്പദ് വ്യവസ്ഥയെ അരക്ഷിത ബോധത്തില്‍ നിന്നും മുക്തമാക്കുന്നുവെന്നുമാണ് കാര്‍നെ ഇന്നലെ വിശദീകരിച്ചിരിക്കുന്നത്. ബോറിസ് തയ്യാറാക്കിയിരിക്കുന്ന ഡീല്‍ പൊതുവെ വിലയിരുത്തുമ്പോള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പോസിറ്റീവാണെന്നാണ് കാര്‍നെ പറയുന്നത്.

ബോറിസിന്റെ ഡീല്‍ മൂലം തെരേസ തയ്യാറാക്കിയിരിക്കുന്ന ഡീലിന്റെ അത്ര സാമ്പത്തിക നേട്ടം രാജ്യത്തിനുണ്ടാവില്ലെന്നാണ് ബോറിസിന്റെ ഡീല്‍ നടപ്പിലായാലും ബ്രെക്‌സിറ്റിന് ശേഷം അധികമായ കസ്റ്റംസ് പരിശോധനകള്‍ ഉണ്ടാവില്ലേ എന്ന ചോദ്യത്തിന് ഉത്തരമെന്നോണം കാര്‍നെ പ്രതികരിച്ചിരിക്കുന്നത്.എന്നാല്‍ ഈ ഡീല്‍ മൂലം രാജ്യത്തിന് സാമ്പത്തികമായ ദോഷമുണ്ടാകാന്‍ സാധ്യതയില്ലെന്നും കാര്‍നെ ആവര്‍ത്തിക്കുന്നു. യുകെയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളിലെ പുരോഗതിയെ സ്വാഗതം ചെയ്ത് കഴിഞ്ഞ രാത്രി ജി 20 റൂം രംഗത്തെത്തിയിരുന്നു.

Other News in this category4malayalees Recommends