ബ്രെക്‌സിറ്റ് തീയതി ദീര്‍ഘിപ്പിക്കാനുള്ള ചിന്തയില്‍ ബ്രസല്‍സ്; കാരണം പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് പ്ലാന്‍ കോമണ്‍സ് തള്ളിയത്; ഒക്ടോബര്‍ 31ന് എന്ത് വില കൊടുത്തും ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ തത്രപ്പെട്ട് ബോറിസ് ജോണ്‍സന്‍

ബ്രെക്‌സിറ്റ് തീയതി ദീര്‍ഘിപ്പിക്കാനുള്ള ചിന്തയില്‍ ബ്രസല്‍സ്;  കാരണം പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് പ്ലാന്‍ കോമണ്‍സ് തള്ളിയത്; ഒക്ടോബര്‍ 31ന് എന്ത് വില കൊടുത്തും ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ തത്രപ്പെട്ട് ബോറിസ് ജോണ്‍സന്‍
പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ബ്രെക്‌സിറ്റിനായി തയ്യാറാക്കിയിരിക്കുന്ന പുതിയ പ്ലാന്‍ ശനിയാഴ്ച കോമണ്‍സ് തള്ളിയതിനെ തുടര്‍ന്ന് ബ്രെക്‌സിറ്റ് തീയതി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ ബ്രസല്‍സ് ആലോചിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ താന്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഒക്ടോബര്‍ 31ന് എന്ത് വില കൊടുത്തും ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ തത്രപ്പെട്ടാണ് ബോറിസ് ജോണ്‍സന്‍ മുന്നോട്ട് പോകുന്നത്. നിലവിലെ സാഹചര്യത്തില്‍ ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിന് മൂന്ന് മാസം കൂടി അനുവദിക്കുന്നതിനാണ് യൂറോപ്യന്‍ യൂണിയന്‍ ആലോചിക്കുന്നത്.

യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിന് താന്‍ തയ്യാറാക്കിയ പുതിയ പ്ലാനിന് കോമണ്‍സില്‍ നിന്നും പിന്തുണ നേടിയെടുക്കാന്‍ ബോറിസിന് സാധിക്കാതെ വന്നതോടെയാണ് 2020ഫെബ്രുവരി വരെയെങ്കിലും ബ്രെക്‌സിറ്റ് നീട്ടുന്ന കാര്യം ബ്രസല്‍സ് പരിഗണിച്ച് വരുന്നതെന്നാണ് ഒരു നയതന്ത്ര ഉറവിടം വെളിപ്പെടുത്തുന്നത്.പക്ഷേ ബ്രെക്‌സിറ്റമായി ബന്ധപ്പെട്ട യുകെയിലെ എംപിമാരുടെ തുടര്‍ നിലപാട് എന്താണെന്നതിന് അനുസരിച്ച് മാത്രമേ ഈ വിഷയത്തില്‍ സുപ്രധാനമായ ചുവട് വയ്പുകള്‍ നടത്തുകയുള്ളുവെന്നാണ് ബ്രസല്‍സ് നയതന്ത്ര വിദഗ്ധരും ഒഫീഷ്യലുകളും ഞായറാഴ്ച റോയിട്ടേര്‍സിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

പുതിയ ആലോചന അനുസരിച്ച് യുകെയ്ക്ക് യൂണിയന്‍ വിട്ട് പോകുന്നതിനായി നവംബറിന് ശേഷം ഒരു മാസം കൂടി അല്ലെങ്കില്‍ ആറ് മാസം വരെ അധികമായി സമയം അനുവദിക്കുന്ന കാര്യമാണ് തങ്ങള്‍ പരിഗണിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ അംബാസിഡര്‍മാര്‍ ഞായറാഴ്ച സുപ്രധാനമായ ആലോചനകള്‍ നടത്തിയിരുന്നു.എന്നാല്‍ ബ്രെക്സിറ്റ് തീയതി ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും തീരുമാനത്തെക്കുറിച്ച് ഇവര്‍ ആലോചിച്ചുവെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

പ്രധാനമന്ത്രി ബോറിസ് ബ്രെക്‌സിറ്റിനായി തയ്യാറാക്കിയിരിക്കുന്ന അഞ്ച് പോയിന്റ് പ്ലാന്‍ പാസാക്കേണ്ടതില്ലെന്നും അതിന് മുമ്പ് ബ്രെക്സിറ്റ് തീയതി ദീര്‍ഘിപ്പിക്കുയാണ് വേണ്ടതെന്നുമാണ് പാര്‍ലിമെന്റ് നിശ്ചയിച്ചിരിക്കുന്നത് .ബ്രെക്‌സിറ്റ് ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ടോറി എംപി ഒലിവര്‍ ലെറ്റ് വിന്‍ അവതരിപ്പിച്ച പ്രമേയത്തിന് 306ന് എതിരെ 322 വോട്ടുകള്‍ക്കാണ് പാര്‍ലിമെന്റ് പിന്തുണയേകിയിരിക്കുന്നത്. എന്നാല്‍ താന്‍ മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം ഒക്ടോബര്‍ 31ന് തന്നെ ബ്രെക്സിറ്റ് നടപ്പിലാക്കുമെന്ന ദൃഢനിശ്ചയവുമായാണ് പ്രധാനമന്ത്രി മുന്നോട്ട് പോകുന്നത്.

Other News in this category4malayalees Recommends