വാളയാര്‍ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലത ജയരാജിനെ പുറത്താക്കി സര്‍ക്കാര്‍; അന്വേഷണത്തില്‍ വീഴ്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും, ഉണ്ടെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടയെടുക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി

വാളയാര്‍ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലത ജയരാജിനെ പുറത്താക്കി സര്‍ക്കാര്‍;  അന്വേഷണത്തില്‍ വീഴ്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും, ഉണ്ടെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടയെടുക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി

വാളയാര്‍ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലത ജയരാജിനെ സര്‍ക്കാര്‍ പുറത്താക്കി. ഇന്ന് രാവിലെയാണ് പബ്ലിക് പ്രോസിക്യൂട്ടറായ ലത ജയരാജിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചത്. അന്വേഷണത്തില്‍ വീഴ്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും, ഉണ്ടെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടയെടുക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.


കോടതിയുടെ പരിഗണനയിലായ കേസായതിനാല്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നാണ് തനിക്ക് ലഭിച്ച നിയമോപദേശമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, പ്രതികളെ വെറുതെ വിട്ടതിനെതിരെ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും മികച്ച അഭിഭാഷകരെ കേസ് നടത്തിപ്പ് ഏല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്വേഷണത്തില്‍ വീഴ്ചപറ്റിയത് സംബന്ധിച്ച് റിപ്പോര്‍ട്ട് കിട്ടിയെന്ന് നിയമമന്ത്രി എ.കെ ബാലന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നും, ആ നടപടികള്‍ വരും ദിവസങ്ങളില്‍ കാണാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പീഡനത്തിനിരയായ 13 വയസുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പതു വയസുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ ലൈംഗിക പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്.കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വി. മധു, ഷിബു, എം. മധു എന്നിവരെ കഴിഞ്ഞ ഒക്ടോബര്‍ 25ന് പോക്‌സോ കോടതി വെറുതേ വിട്ടിരുന്നു. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികള്‍ ഇവരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല. ബലാത്സംഗം, ആത്മഹത്യാപ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ കേസില്‍ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി പ്രദീപ് കുമാറിനെ തെളിവില്ലെന്ന് കണ്ട് കോടതി നേരത്തെ വെറുതേ വിട്ടിരുന്നു.

Other News in this category4malayalees Recommends