അച്ഛനൊപ്പം ശബരിമല ദര്‍ശനത്തിന് എത്തിയ 12 കാരിയെ തടഞ്ഞു ; പരിശോധന ശക്തമാക്കി പോലീസ്

അച്ഛനൊപ്പം ശബരിമല ദര്‍ശനത്തിന് എത്തിയ 12 കാരിയെ തടഞ്ഞു ; പരിശോധന ശക്തമാക്കി പോലീസ്
പിതാവിനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ പമ്പയില്‍ പൊലീസ് തടഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ 12 വയസുകാരിയെയാണ് തടഞ്ഞത്. ഇരുമുടിക്കെട്ടുമായി പിതാവിനൊപ്പം ദര്‍ശനത്തിനെത്തിയതായിരുന്നു പെണ്‍കുട്ടി. രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു പൊലീസ് നടപടി. പെണ്‍കുട്ടിയെ പമ്പയില്‍ വച്ച് വനിതാ പൊലീസ് തടഞ്ഞുവയ്ക്കുകയും പിതാവിനെ സന്നിധാനത്തേക്ക് കടത്തിവിടുകയും ചെയ്തു.

10 വയസിനു മുകളിലേക്കും 50 വയസിന് താഴേക്കുമുള്ള സ്ത്രീകളെ കയറ്റിവിടേണ്ടതില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് കര്‍ശന പരിശോധന നടത്തിയ ശേഷമാണ് സന്നിധാനത്തേക്ക് ആളുകളെ കയറ്റിവിടുന്നത്. കോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണിത്.

അതേസമയം, പമ്പയിലേക്ക് എല്ലാ സ്വകാര്യവാഹനങ്ങളും കടത്തിവിടാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തീര്‍ത്ഥാടകരെ പമ്പയില്‍ ഇറക്കിയശേഷം നിലയ്ക്കലില്‍ തിരിച്ചെത്തണം. വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം. എന്നാല്‍, അനധികൃത പാര്‍ക്കിംഗ് നടത്തിയാല്‍ പൊലീസിന് നടപടി സ്വീകരിക്കാം. സ്വകാര്യവാഹനങ്ങള്‍ പമ്പയില്‍ തടയേണ്ടതില്ലെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂലമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചിരുന്നത്. നിലയ്ക്കലിനും പമ്പയ്ക്കുമിടയില്‍ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കോടതി നിരോധിച്ചിട്ടുണ്ട്. 12 സീറ്റുവരെയുള്ള വാഹനങ്ങള്‍ക്കാണ് അനുമതി. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. ചെറുവാഹനങ്ങള്‍ പമ്പയിലേക്കു കടത്തിവിടണമെന്നാവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി. പ്രസന്നകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

Other News in this category4malayalees Recommends