നടി അഞ്ജു ഇനി എയര്‍ഹോസ്റ്റസ്; സന്തോഷം പങ്കുവെച്ച് സുരഭി ലക്ഷ്മിയും വിനോദ് കോവൂരും

നടി അഞ്ജു ഇനി എയര്‍ഹോസ്റ്റസ്; സന്തോഷം പങ്കുവെച്ച് സുരഭി ലക്ഷ്മിയും വിനോദ് കോവൂരും
മലയാളികളുടെ പ്രിയപ്പെട്ട എം80 മൂസ എന്ന കഥാപാത്രത്തിന്റെ മകളായി അഭിനയിച്ച കോഴിക്കോട് സ്വദേശി അഞ്ജു ഇനി എയര്‍ഹോസ്റ്റസ്. ബിരുദപഠനത്തിനു ശേഷം എയര്‍ഹോസ്റ്റസ് പഠനവും പൂര്‍ത്തിയാക്കിയ അഞ്ജുവിന് എയര്‍ഇന്ത്യയിലാണ് ജോലി ലഭിച്ചത്. ഇന്നലെ മുംബൈയില്‍നിന്ന് ഷാര്‍ജയിലേക്കുള്ള വിമാനത്തിലാണ് ആദ്യമായി എയര്‍ഹോസ്റ്റസായി കയറിയത്. അഞ്ജു എയര്‍ഹോസ്റ്റസ്സായ സന്തോഷ വിവരം എം80 മൂസയില്‍ റസിയയുടെ അച്ഛനായി അഭിനയിച്ച വിനോദ് കോവൂരും അമ്മയായി അഭിനയിച്ച സുരഭി ലക്ഷ്മിയും ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു.

വിനോദ് കോവൂരിന്റെ കുറിപ്പ്

ഇത് അഭിമാന നിമിഷം, M80 മൂസ എന്ന പ്രോഗ്രാമില്‍ എന്റേയും സുരഭിയുടേയും മകള്‍ റസിയയായ് അഭിനയിച്ച അഞ്ജു ഇന്നലെ മുതല്‍ എയര്‍ ഹോസ്റ്റസ് ആയ വിവരം എല്ലാ പ്രേക്ഷകരേയും സസന്തോഷം അറിയിക്കുന്നു. M80 മൂസ ഫാമിലി ആദ്യമായ് ദുബായിലേക്ക് യാത്ര ചെയ്തപ്പോള്‍ വിമാനത്തിലെ എയര്‍ ഹോസ്റ്റസിനെ കണ്ടപ്പോള്‍ അവള്‍ ഞങ്ങളോട് ചോദിച്ചു എനിക്കും എയര്‍ ഹോസ്റ്റസ് ആകാന്‍ കഴിയോന്ന്. പിന്നെന്താ നിനക്ക് ആഗ്രഹമുണ്ടെങ്കില്‍ പറ്റും ഡിഗ്രിയൊക്കെ കഴിഞ്ഞ് എയര്‍ ഹോസ്റ്റസ് ആവാനുള്ള കോഴ്‌സിന് ചേര് എന്ന ഞങ്ങളുടെ മറുപടി. അവള്‍ അന്നുമുതല്‍ സ്വപ്നം കാണാന്‍ തുടങ്ങി. ഇന്നവള്‍ ആ സ്വപ്നം സാക്ഷാത്കരിച്ചു. ഇന്നലെ അവള്‍ ഫോണില്‍ വിളിച്ച് പറഞ്ഞു ഉപ്പാ ഞാന്‍ നാളെ ആദ്യമായ് പറക്കാന്‍ പോവ്വട്ടോന്ന്. ഒത്തിരി സന്തോഷം തോന്നിയ നിമിഷം. പറക്ക് മോളേ പറക്ക് ആകാശം മുയുവന്‍ ഉപ്പാന്റെ മോള് പറക്ക്. അപ്പൊ പ്രേക്ഷരേ ഇനി ഇങ്ങള് ഞമ്മളെ മോളെ കാണുന്നത് ആകാശത്തിന്നായിരിക്കും ട്ടോ. ഒപ്പം മറ്റൊരു സന്തോഷം അഞ്ജു പ്രധാന വേഷം ചെയ്ത Love Fm എന്ന സിനിമ റിലീസിന് എത്തുന്നു എന്നുള്ളതാണ്. അത് നിങ്ങള്‍ തിയ്യേറ്ററില്‍ തന്നെ ചെന്ന് കാണണം.

സുരഭി ലക്ഷ്മിയുടെ കുറിപ്പ്

M80 മൂസയില്‍ എന്റെ മകളായി അഭിനയിച്ച റസിയ.

അഞ്ജു ആദ്യമായി ദുബായില്‍ പ്രോഗ്രാമിന് പോയപ്പോള്‍ Air Hostessനെ കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ ആഗ്രഹമായിരുന്നു ഒരു Air Hostess ആകുക എന്നത്. അതിന് വേണ്ടി അവള്‍ കഠിന പ്രയത്‌നം നടത്തി പഠിച്ചു Air Hostess ആയി. എയര്‍ ഇന്ത്യയില്‍ ജോലിയും കിട്ടി. ഇന്നലെ അവള്‍ ആദ്യത്തെ ഔദ്യോഗിക പറക്കല്‍ മുംബൈയില്‍ നിന്നും ഷാര്‍ജയിലേക്ക് പറന്നപ്പോള്‍ അഭിമാന നിമിഷം ആയിരുന്നു എനിക്കും. സ്വപ്ന സാക്ഷാത്കാരം. നമ്മുടെ ആഗ്രഹങ്ങള്‍ നേടിയെടുക്കുക എന്നത് എല്ലാവര്‍ക്കും സാധ്യമാകട്ടെ അതിനു അഞ്ജു ഒരു പ്രചോദനം ആകട്ടെ. അഞ്ജുവിനു എന്റെ എല്ലാവിധ ആശംസകളും നേരുന്നു, ഒപ്പം കലാ ജീവിതത്തിലും ഇതേപോലെ പറക്കാന്‍ സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

ശ്രീദേവ് കപ്പൂര്‍ സംവിധാനത്തില്‍ ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ലൗ എഫ്എം. അപ്പാനി ശരത്ത് നായകനാകുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഞ്ജു എത്തുന്നുണ്ട്. വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി ഒരുക്കിയ ചിത്രം രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് അവതരിപ്പിക്കുന്നത്. ചിത്രം ഈ മാസം 24 ന് തിയേറ്ററുകളിലെത്തും.

Other News in this category4malayalees Recommends